ഗസ്സ: സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തില്‍ സംഗീതം അലയടിക്കുകയാണ് ഗസ്സയില്‍. ഇപ്പോള്‍ ഗസ്സയില്‍ ഏറെ ചര്‍ച്ച ചെയ്യുകയാണ് പതിനാറുകാരിയായ നാനാ അഷോറിന്റെ ഡ്രം വാദ്യത്തെ കുറിച്ച്. അഷോറിന്റെ പുതിയ മ്യൂസിക് ബാന്റും നിലവില്‍ വന്നു. ഇതോടെ ഗസ്സയിലെ ആദ്യത്തെ വനിതാ ഡ്രമ്മര്‍ കൂടിയായി മാറി നാനാ അഷോര്‍ .

ഒട്ടേറെ എതിര്‍പ്പുകള്‍ പിന്നിട്ടാണ് അഷോര്‍ സംഗീതത്തിന്റെ വഴിയിലെത്തിയത്. 2015ല്‍ ആണ് അഷോറും കുടുംബവും ഗസ്സയിലെത്തുന്നത്. ഇവിടെയെത്തും മുമ്പ് അഷോര്‍ ഈജിപ്തിലായിരുന്നു താമസം. ഈജിപ്തില്‍ വച്ചാണ് സംഗീത ആസ്വാദനം ആരംഭിച്ചത്. അയല്‍വാസിയായിരുന്ന അല്‍ ഹുസൈന്‍ ആയിരുന്നു അഷോറിനെ സംഗീതത്തിന്റെ ലോകത്തേക്ക് വഴിതിരിച്ചു വിട്ടത്. ആദ്യം തബലയിലായിരുന്നു ഭ്രമം, പിന്നീട് ഡ്രം വാദനത്തിലേക്ക് തിരിഞ്ഞു. പിന്നീടാണ് ഗസ്സയിലെത്തുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് ഡ്രമ്മില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും ഒരു മ്യൂസിക് ബാന്റ് തുടങ്ങിയതും. ഇതോടെ ഡ്രം വാദ്യം പ്രഫഷണല്‍ ആക്കി മാറ്റി. ഇപ്പോള്‍ അഷോര്‍ സയ്യീദ് ദാര്‍വിഷ് മ്യൂസിക് സ്‌കൂളില്‍ കുട്ടികള്‍ക്ക് സംഗീതം അഭ്യസിപ്പിക്കുകയാണ്. പുതിയ മ്യൂസിക് ബാന്റില്‍ സഹപ്രവര്‍ത്തനകായ അന്‍വറും അഷോറിനൊപ്പമുണ്ട്. ഇരുവരും ചേര്‍ന്ന് ഒരുക്കിയ ഡ്രം മേളം സോഷ്യല്‍ മീഡിയയില്‍ ഏറെ ഹിറ്റായിരുന്നു. നാനാ അഷോറ മാത്രമല്ല ഗസ്സയിലെ സംഗീത പ്രതിഭ. കഴിഞ്ഞയിടെയായി ഫലസ്തീനില്‍ സംഗീതജ്ഞരുടെ തരംഗം ഉണ്ടായികൊണ്ടിരിക്കുകയാണെന്ന് ഈ മേഖലയില്‍ 46 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന നാജ്ജാര്‍ പറഞ്ഞു.
ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ സംഗീത ലോകത്തേക്ക് എത്തുന്നു. ഗസ്സയില്‍ തുടങ്ങിയ മ്യൂസിക് സ്‌കൂളില്‍ 180 കുട്ടികള്‍ പഠിക്കുന്നു. ഇതില്‍ 120 പേര്‍ പെണ്‍കുട്ടികളാണ്.