Sports

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരം; ഇന്ത്യ എ ടീം ഇന്ന് അമേരിക്കയെ നേരിടും

By Akhila

February 02, 2026

ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീം ഇന്ന് അമേരിക്കയെ നേരിടും. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ആയുഷ് ബദോനിയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി മികച്ച പ്രകടനം നടത്തിയ യുവ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ ഇന്ത്യ എ ടീമിനായി ഓപ്പണ്‍ ചെയ്യും. അശുതോഷ് ശര്‍മയാണ് മറ്റൊരു ഓപ്പണര്‍. പരിക്ക് മാറിയെത്തുന്ന ഇന്ത്യന്‍ ലോകകപ്പ് താരം തിലക് വര്‍മ്മയും അമേരിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ കളിക്കും. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിച്ച ഊര്‍വില്‍ പട്ടേലും ടീമിലുണ്ട്. മധ്യനിരയില്‍ റിയാന്‍ പരാഗ് കളിക്കും. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ പരാഗിന് ലഭിക്കുന്ന നിര്‍ണായക അവസരമാണിത്. തമിഴ്നാട് താരം എന്‍ ജഗദീഷനാണ് വിക്കറ്റ് കീപ്പര്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ സ്പിന്നര്‍ രവി ബിഷ്ണോയിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന എക്സ്പ്രസ് പേസര്‍ മായങ്ക് യാദവും തിരിച്ചുവരവോടെ ഇന്ത്യ എ ടീമില്‍ ഇടം നേടി. മത്സരം ഇന്ന് വൈകിട്ട് അഞ്ചിന് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. ലോകകപ്പിന് മുമ്പായി താരങ്ങള്‍ക്ക് മത്സരപരിചയവും കായികക്ഷമതയും ഉറപ്പാക്കുക എന്നതാണ് സന്നാഹ മത്സരങ്ങളുടെ പ്രധാന ലക്ഷ്യം. ലോകകപ്പില്‍ ഈ മാസം ഏഴിന് അമേരിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മാസം ആറിന് നമീബിയയുമായും ഇന്ത്യ എ ടീം സന്നാഹ മത്സരം കളിക്കുന്നുണ്ട്.