kerala

കണ്ണൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍

By webdesk18

April 29, 2025

കണ്ണൂരില്‍ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും പീഡനമാണ് സ്‌നേഹയുടെ ആത്മഹത്യക്ക് കാരണമെന്നാണ് പരാതി. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തി. ഭര്‍ത്താവ് ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പായം കേളന്‍ പീടികയിലെ വീട്ടില്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് 24 കാരിയായ സ്‌നേഹയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു തൊട്ടു മുന്‍പ് ഭര്‍ത്താവ് സ്‌നേഹയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ പരാതി. 2020 ജനുവരി 21 നാണ് കോളിത്തട്ട് സ്വദേശി ജിനീഷുമായി സ്‌നേഹയുടെ വിവാഹം നടന്നത്.

സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പലതവണ പൊലീസില്‍ പരാതിപ്പെട്ടങ്കിലും എല്ലാം ഒത്തുതീര്‍പ്പാക്കപ്പെട്ടു. കുഞ്ഞുണ്ടായ ശേഷം കുഞ്ഞിന്റെ നിറത്തെ ചൊല്ലിയും സ്‌നേഹക്ക് ശാരീരിക പീഡനമേല്‍ക്കേണ്ടി വന്നു. ശാരീരിക പീഡനം സഹിക്കവയ്യാതായതോടെ കഴിഞ്ഞ പതിനഞ്ചാം തീയതി സ്‌നേഹയെ ബന്ധുക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

സ്‌നേഹയുടെ ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് ജിനീഷിനെ ഇരിട്ടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.