india

കണ്ണൂരില്‍ കവര്‍ച്ച നടന്ന വീട്ടിലെ യുവതി കര്‍ണാടകയില്‍ കൊല്ലപ്പെട്ട നിലയില്‍; ആണ്‍സുഹൃത്ത് പിടിയില്‍

By webdesk17

August 25, 2025

കണ്ണൂര്‍ കല്ല്യാട് കവര്‍ച്ച നടന്ന വീട്ടിലെ യുവതി കര്‍ണാടകയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീട്ടുടമയായ സുമതയുടെ മകന്‍ സുഭാഷിന്റെ ഭാര്യ ദര്‍ശിതയാണ് കൊല്ലപ്പെട്ടത്. ദര്‍ശിതയുടെ ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. 30 പവന്‍ സ്വര്‍ണവും 4 ലക്ഷം രൂപയുമാണ് കല്യാട്ടെ വീട്ടില്‍ നിന്ന് കാണാതായത്.

വെള്ളിയാഴ്ച വീട്ടില്‍ കവര്‍ച്ച നടന്നത്. വീട്ടുടമയായ സുമതയുടെ വീട്ടില്‍നിന്ന് 30 പവന്റെ സ്വര്‍ണാഭരണങ്ങളും നാല് ലക്ഷം രൂപയുമാണ് കളവ് പോയത്. കവര്‍ച്ചയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ദര്‍ഷിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമതയും ഡ്രൈവറായ മകന്‍ സൂരജും വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോയിരുന്നു.

ദര്‍ഷിത രാവിലെ 9.30 ഓടെ കര്‍ണാടക ഹുന്‍സൂറിലെ വീട്ടിലേക്കും പോയതായാണ് പറഞ്ഞിരുന്നത്. വൈകീട്ട് സുമത വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പെട്ടത്. മോഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനായി ദര്‍ഷിതയോട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ആദ്യം വരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് പൊലീസ് ബന്ധപ്പെട്ടപ്പോള്‍ ലൊക്കേഷന്‍ മാറി സഞ്ചരിക്കുന്നതായി മനസ്സിലായി. സംശയം ബലപ്പെട്ടതോടെ പൊലീസ് ഹുണ്‍സൂരിലേക്ക് പോകാനിരിക്കെയാണ് കൊലപാതക വിവരം ലഭിച്ചത്. കൊലപാതകത്തിലും മോഷണത്തിലും കസ്റ്റഡിയിലെടുത്ത ആള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.