kerala

അമ്മ’യുടെ തലപ്പത്ത് വനിത വരണം; സംഘടന സ്ത്രീപക്ഷത്ത് നിന്ന് ചിന്തിക്കണം; ഹണിറോസ്

By webdesk18

August 14, 2025

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് വനിത വരണമെന്നും സ്ത്രി പക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടനയാകണം അമ്മയെന്നും നടി ഹണിറോസ് മാധ്യമങ്ങളോട് പറഞ്ഞു. അമ്മയിലെ തെരഞ്ഞെടുപ്പും ശ്വേത മനോനെതരെയുള്ള കേസുമൊക്കെയായി സിനിമ മേഖല വിവാദമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം.

സംഘടനയുടെ തലപ്പത്ത് വനിത വരണമെന്ന് ആഗ്രഹമുണ്ട്. ഇത്രയും വര്‍ഷം പുരുഷന്മാരാണ് തലപ്പത്ത് ഉണ്ടായിരുന്നത്. ഇനി ഒരു സ്ത്രീ വരാന്‍ ആഗ്രഹിക്കുന്നു’ എന്നയിരുന്നു ഹണി റോസിന്റെ പ്രതികരണം.

ശ്വേത മേനോന്റെ പേരിലുള്ള കേസിനെ കുറിച്ച് അറിയില്ലെന്നും വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞതെന്നും നടി പറഞ്ഞു. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നായിരുന്നു ശ്വേത മേനോനെതിരായി നല്‍കിയ പരാതി. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ശ്വേത മേനോന്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അന്വേഷണ നടപടികള്‍ സ്‌റ്റേ ചെയ്തിട്ടുണ്ട്.

അമ്മയുടെ ഭാരവാഹിയായ ജഗദീഷ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മോനോന്‍ എത്താന്‍ സാധ്യത കൂടിയിരുന്നു. ഇതിനു പിന്നാലെ ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക പിന്‍വലിച്ചതോടെ മത്സരം ശ്വേതയും ദേവനും തമ്മിലായി.

എന്നാല്‍ വിഷയത്തില്‍ ശ്വേത മേനോനെ പിന്തുണച്ച് ദേവന്‍ രംഗത്തെത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകള്‍ ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.