കണ്ണൂര്‍: ജയത്തിലും ആര്‍മാദിക്കാതെ വേദനകളൂറും വാക്കുകള്‍.. ഹൃദയംതൊട്ട ടെന്നീസിലെ ടുണീഷ്യന്‍ വനിതാ താരം ഓണ്‍സ് ജാബറിന്റെ ചിത്രം ചരിത്രമാകുമ്പോള്‍ അഭിമാന നിമിഷങ്ങള്‍ക്ക് കൈയടിക്കുകയാണ് മാട്ടൂല്‍ ജനത. മാട്ടൂല്‍ സ്വദേശി സി.എം.കെ മുസ്തഫ വരച്ച സമാധാന സന്ദേശ ചിത്രം ടൂണീഷ്യന്‍ എംബസിയില്‍ പ്രദര്‍ശിപ്പിക്കുന്ന വേളയിലാണ് ഗ്രാമ പഞ്ചായത്ത് നേതൃത്വത്തില്‍ നാട് അഭിമാനപൂരിതമാകുന്നത്. മാട്ടൂലിന്റെ സന്തോഷ നിമിഷത്തെ ധന്യമാക്കിയ ഇന്ത്യയിലെ ടുണീഷ്യന്‍ എംബസിക്ക് അഭിനന്ദനങ്ങളും അറിയിക്കുകയാണ് നാടിന്റെ ഒത്തുചേരലില്‍. മുസ്തഫയുടെ ചിത്രം ടുണീഷ്യ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇ-മെയിലായാണ് അഭിനന്ദനവുമായി ആഹ്ലാദത്തിന്റെ സന്ദേശമൊഴുകുന്നത്. ഹൃദയസ്പര്‍ശിയായ ചിത്രം ലഭിച്ചതോടെ ടുണീഷ്യന്‍ എംബസിയില്‍ പ്രത്യേകയിടമൊരുക്കി പ്രദര്‍ശിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ലോകത്തിന്റെ ഐക്യവും സമാധാനവും പ്രോത്സാാഹിപ്പിക്കുന്നതാണ് മുസ്തഫയുടെ ചിത്രം.
തന്റെയൊരു പെയിന്റിംഗ് ലോക സമാധാനത്തിന്റെ പ്രതീകമാകുമാറ് അംഗീകരിക്കപ്പെടുമ്പോള്‍ സന്തോഷനിറവിലാണ് ചിത്രകാരന്‍ മുസ്തഫ. നാടിന്റെ പിന്തുണയും സ്‌നേഹവുമാണ് തന്നെ ഈ നേട്ടത്തിലേക്കെത്തിച്ചതെന്നും ഈ കലാകാരന്‍ പറയുന്നു. ഒരു ചിത്രത്തിലൂടെ ലോകത്തിന് മുന്നില്‍ നാടിനെ അറിയിച്ച ചരിത്ര മുഹൂര്‍ത്തം മാട്ടൂലിനെയും അഭിമാന നിറവിലാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ഫാരിഷയും വൈസ് പ്രസിഡന്റ് ഗഫൂര്‍ മാട്ടൂലും സാമൂഹ്യപ്രവര്‍ത്തകന്‍ ടി.പി അബ്ബാസ് ഹാജിയും അഭിപ്രായപ്പെട്ടു. പൊതുപ്രവര്‍വര്‍ത്തകരായ പി.വി ഇബ്രാഹിം, പി.സി ഷാജഹാന്‍, ടി.ടി.വി ഹാഷിം, എം രാജു, പി.വി പ്രദീപ്, അജിത്ത് മാട്ടൂല്‍ എന്നിവരും പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ സഹകരണവും സന്തോഷ നിമിഷങ്ങള്‍ക്ക് കരുത്താകുകയാണ്.
2023 നവംബര്‍ ഒന്നിന് നടന്ന വനിതാ ടെന്നീസ് മത്സരത്തിലെ ജേതാവ് ഓണ്‍സ് ജാബര്‍ സമ്മാനച്ചടങ്ങില്‍ വിതുമ്പലോടെ പങ്കുവെച്ച ആ വാക്കുകളാണ് ഹൃദയസ്പര്‍ശിയായ സമാധാന ചിത്രത്തിന്റെ പിറവി. താരത്തിന്റെ വാക്കുകള്‍ക്ക് മൂന്നില്‍ വികാരാധീതനായ മുസ്തഫ സമ്മാനദാന ചടങ്ങിലെ ആ ദൃശ്യത്തെ കാന്‍വാസിലാക്കിയതോടെ ലോകം ശ്രദ്ധിക്കുന്ന കാഴ്ചയായി മാറുകയായിരുന്നു ആ ചിത്രം. തന്റെ ആ ചിത്രങ്ങള്‍ ടൂണീഷ്യയില്‍ എത്തിക്കാനാകാത്ത സാഹചര്യത്തില്‍ നിന്നും പിന്‍മാറാതെ ഡല്‍ഹിയിലെ ടൂണീഷ്യന്‍ എംബസി വഴിയാണ് ആ ദൗത്യം വിജയിപ്പിച്ചെടുത്തത്. സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരുടെ പിന്തുണയില്‍ ലോകസമാധാന ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അയച്ചും ആശയവിനിമയം നടത്തി കാത്തിരിപ്പുകള്‍ക്കൊടുവില്‍ തന്റെ കാഴ്ചപാടുകള്‍ക്ക് സ്വപ്നനിറവേകുകയായിരുന്നു മുസ്തഫ.
-സി.എം.കെ മുസ്തഫയുടെ ലോകസമാധാന സന്ദേശ ചിത്രം ടുണീഷ്യന്‍ എംബസിയില്‍ പ്രദര്‍ശിപ്പിക്കുന്ന വേളയില്‍ ഇ-മെയിലായി നാടിന്റെ സന്തോഷവും അഭിനന്ദനവും അറിയിക്കാന്‍ നേതൃത്വം നല്‍കിയ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഒത്തുകൂടിയപ്പോള്‍