kerala

ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അകൗണ്ടിലൂടെ വയനാട് ദുരന്തത്തില്‍ ഇരയായ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ യുവാവ് പിടിയില്‍

By webdesk18

April 29, 2025

ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അകൗണ്ട് ഉണ്ടാക്കി മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ ഇരയായ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ യുവാവ് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി ചെതലയം സ്വദേശി നായ്ക്കമാവുടിയില്‍ ബാഷിദിനെയാണ് (28) വയനാട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

ചൂരല്‍മല ദുരന്തത്തിന് ഇരയായ സ്ത്രീകളെ കുറിച്ച്് ഇയാള്‍ ലൈംഗിക പരാമര്‍ശങ്ങള്‍ അടങ്ങിയ അധിക്ഷേപം ഇന്‍സ്റ്റാഗ്രാം വഴി നടത്തിയിരുന്നു. എറണാകുളം സ്വദേശിയും കല്‍പ്പറ്റയില്‍ ബിസിനസ് നടത്തുന്ന മറ്റൊരു യുവാവിന്റെ ഫോട്ടോയും പേരും ഉപയോഗിച്ചാണ് ഇയാള്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചു പോസ്റ്റുകള്‍ നടത്തിയത്.

കല്‍പ്പറ്റ SKMJ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പില്‍ സേവനം ചെയുന്നതിനിടയിലാണ് തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആരോ ഇത്തരം പോസ്റ്റുകള്‍ നടത്തുന്നതെന്ന് യുവാവ് അറിയുന്നത്. തുടര്‍ന്ന് വയനാട് സൈബര്‍ പോലീസ് സ്റ്റേഷനില്‍ യുവാവ് നല്‍കിയ പരാതിയില്‍ കേസ് എടുത്ത പൊലീസ് മാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയിലേക്ക് എത്തിയത്. വിപിഎന്‍ സംവിധാനം ഉപയോഗിച്ച് ഐപി മേല്‍വിലാസം മാസ്‌ക് ചെയ്താണ് പ്രതി സ്ത്രീകള്‍ക്ക് നേരെ ഇത്തരം വ്യാപക അതിക്രമം നടത്തിയത്. നൂറുകണക്കിന് ഐപി മേല്‍വിലാസങ്ങള്‍ വിശകലനം ചെയ്താണ് വയനാട് സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.