തൃശൂര്‍ കൊടുങ്ങല്ലൂരില്‍ യുവാവ് അതിക്രൂര മര്‍ദനത്തിനിരയായി. ആലപ്പുഴ തുറവൂര്‍ സ്വദേശി സുദര്‍ശനനാണ് മര്‍ദനത്തിനിരയായത്. യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്ത നിലയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് നഗ്നനാക്കി റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ സ്വദേശിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് വിവരം.
ജനനേന്ദ്രിയത്തില്‍ അണുബാധയുമുണ്ട്. ശരീരത്തിലാകമാനം കത്തികൊണ്ട് മുറിവേല്‍പ്പിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നിലാരാണെന്ന് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. ആലപ്പുഴ സ്വദേശികളായ ചിലരെ സംശയമുണ്ടെന്ന് സുദര്‍ശന്റെ സഹോദരന്‍ പറഞ്ഞു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസടക്കം, ഒമ്പത് കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു.