kerala

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട യുവാവ് പിടിയില്‍

By webdesk18

November 12, 2025

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട കേസില്‍ യുവാവ് പൊലീസിന്റെ കസ്റ്റഡിയില്‍. കാസര്‍കോട് സ്വദേശിയായ കാട്ടിപ്പളം നാരായണീയം വീട്ടില്‍ ഷിബിന് ആണ് ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ബേപ്പൂര്‍ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ഫോണിലേക്ക് വിളിച്ചെത്തിയ പ്രതി, താന്‍ സിനിമാ സംവിധായകനാണെന്നും സിനിമയില്‍ അഭിനയിപ്പിക്കാമെന്നും പറഞ്ഞ് വാട്സ്ആപ്പിലൂടെ സന്ദേശങ്ങള്‍ അയച്ചിരുന്നു. തുടര്‍ന്ന് നിരന്തരം ബന്ധപ്പെടുകയും ലൈംഗിക ഉദ്ദേശത്തോടെ വിദ്യാര്‍ഥിനിയോട് നഗ്നചിത്രങ്ങള്‍ അയയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതാണ് സംഭവം.

വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് ബേപ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതി കാസര്‍കോട്ടിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അംഗജന്‍, സിപിഒ സരുണ്‍, എഎസ്ഐ അരുണ്‍, എസ്സിപിഒ വിനോദ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.