തൊടുപുഴ: യുവാവിനെ വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉടുമ്പന്നൂര്‍ അമയപ്ര കരക്കുന്നേല്‍ (തുരുത്തേല്‍) വിഷ്ണു (ചാണ്ടിക്കുഞ്ഞ്-26) ആണ് കൊല്ലപ്പെട്ടത്. അമയപ്ര സ്‌കൂള്‍ ജങ്ഷനു സമീപത്തെ വീടിന്റെ കിടപ്പുമുറിയില്‍ കട്ടിലിന് താഴെ നിലത്തുവിരിച്ച ബെഡില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിഷ്ണുവിന്റെ ഇടതു നെഞ്ചില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇടതു കൈപ്പലകക്ക് സമീപവും മുറിവുണ്ട്. ഭിത്തിയില്‍ ഇടിച്ചതിന്റെ അടയാളം നെറ്റിയിലുണ്ട്. മുറിക്കുള്ളിലാകെ രക്തം പടര്‍ന്നിരുന്നു. ഭിത്തിയിലും രക്തം തെറിച്ചിട്ടുണ്ട്. ഉടുമ്പന്നൂര്‍ പാറേക്കവലയില്‍ പ്രവര്‍ത്തിക്കുന്ന അമയപ്ര മീമ്പിള്ളില്‍ ജോയിയുടെ കശാപ്പുശാലയിലെ ജീവനക്കാരനാണ് ഇയാള്‍. ജോയിയുടെ ഉടമസ്ഥതയിലുള്ള അമയപ്ര – കോട്ടക്കവല റൂട്ടിലെ വീട്ടിലാണ് ഒന്നര വര്‍ഷമായി ഇയാള്‍ വാടകക്ക് താമസിക്കുന്നത്.എല്ലാദിവസവും പുലര്‍ച്ചെ മൂന്നോടെ ജോയി എത്തിയാണ് ഇയാളെ വിളിച്ചുണര്‍ത്തി കടയിലേക്ക് കൊണ്ടുപോകുന്നത്. പതിവുപോലെ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെ വിഷ്ണുവിനെ വിളിക്കാന്‍ എത്തിയ ജോയിയാണ് മൃതദേഹം ആദ്യം കണ്ടത്. വീടിന്റെ എല്ലാ വാതിലുകളും തുറന്നുകിടന്നിരുന്നു. ബള്‍ബുകള്‍ അണച്ചിരുന്നില്ല. ഫാനും പ്രവര്‍ത്തിച്ചിരുന്നു. കറുത്ത ജീന്‍സാണ് വിഷ്ണു ധരിച്ചിരുന്നത്. അയല്‍വാസിയുടെ സഹായത്തോടെ േജായി കരിമണ്ണൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. തൊടുപുഴ ഡിവൈ എസ്.പി എന്‍.എന്‍. പ്രസാദിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. കനത്ത മഴയിലും വന്‍ ജനാവലിയാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിഷ്ണുവിന്റെ ചില സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. കച്ചിറമൂഴിയിലുള്ള ഇലവിന്‍ചുവട്ടില്‍ പൊന്നപ്പന്റെ മകള്‍ നീനുവാണ് വിഷ്ണുവിന്റെ ഭാര്യ. ഇവര്‍ ഔദ്യോഗികമായി വിവാഹം നടത്താതെ ഒമ്പത് വര്‍ഷമായി ഒന്നിച്ചു താമസിക്കുകയാണ്. നിഖിത, നിമിഷ, ജിഷ്ണു എന്നിങ്ങനെ മൂന്ന് കുട്ടികളുമുണ്ട്. ശാരദയാണ് വിഷ്ണുവിന്റെ മാതാവ്. വ്യാഴാഴ്ച വൈകിട്ട് ആറോടെ നീനു കച്ചിറമൂഴിയിലെ വീട്ടിലേക്ക് കുട്ടികളുമായി പോയിരുന്നു. മദ്യപാനിയായ വിഷ്ണു മിക്ക ദിവസങ്ങളിലും വീട്ടില്‍ കൂട്ടുകാരൊത്ത് മദ്യപിച്ചിരുന്നതായി നീനുപറഞ്ഞു. അടുത്തനാളില്‍ ഉടുമ്പന്നൂര്‍ ടൗണില്‍ വിഷ്ണുവുമായി അടിപിടി നടന്നിരുന്നതായും നീനു പറഞ്ഞു. ഇടുക്കി അഡ്മിനിസ്‌ട്രേഷന്‍ ഡിവൈ.എസ്.പി ജില്‍സണ്‍ മാത്യൂ, കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാത്യൂ ജോര്‍ജ്ജ്, കഞ്ഞിക്കുഴി സി.ഐ വര്‍ഗീസ് അലക്‌സാണ്ടര്‍, കാളിയാര്‍ സി.ഐ വി.എ യൂനുസ്, കരിമണ്ണൂര്‍ എസ്.ഐ ക്ലീറ്റസ്, കാളിയാര്‍ എസ്.ഐ ബേബി തോമസ്, കാഞ്ഞാര്‍ എസ്.ഐ പി.എം. ഷാജി, കരിമണ്ണൂര്‍ എ.എസ്.ഐ തങ്കപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി തൊടുപുഴ ഡിവൈ.എസ്.പി എന്‍.എന്‍. പ്രസാദ് പറഞ്ഞു.