കാഞ്ഞിരപ്പള്ളി (കോട്ടയം): തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് നടത്തിയ പ്രകടനത്തിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി പരാതി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ കെ.എം.എ ഹാള്‍ ജങ്ഷന് സമീപമാണ് സംഭവം.
കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് കൗണ്ടിങ് ഏജന്റുമായ ടി.എസ്. നിസു, എട്ടാം വാര്‍ഡ് മെമ്പര്‍ സുനില്‍ തേനംമാക്കല്‍, പത്താം വാര്‍ഡ് മെമ്പര്‍ സുറുമി കെ.എ (സുറുമി ടീച്ചര്‍) എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ടി.എസ്. നിസുവിന് നെറ്റിയില്‍ ഗുരുതര പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിജയാഹ്ലാദ പ്രകടനം പുരോഗമിക്കുന്നതിനിടെ സംഘം ചേര്‍ന്നെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനത്തിലേക്ക് കടന്നുകയറി മരക്കഷണം ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ആരോപണം. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 24 സീറ്റുകളില്‍ 13 സീറ്റുകള്‍ യു.ഡി.എഫ് സ്വന്തമാക്കി. ഇടത് സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളി പേട്ട വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥി ബി.ആര്‍. അന്‍ഷാദിനെതിരെ കോണ്‍ഗ്രസിന്റെ അഡ്വ. സുനില്‍ തേനംമാക്കല്‍ നൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
പൂതക്കുഴി വാര്‍ഡില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുറുമി കെ.എ (സുറുമി ടീച്ചര്‍) 150ലധികം വോട്ടുകള്‍ക്ക് വിജയിച്ചു. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെയാണ് സുറുമി ടീച്ചര്‍ പരാജയപ്പെടുത്തിയത്.