More

അഭിമന്യുവധം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്. നാസറിനെ അറസ്റ്റ് ചെയ്തു

By chandrika

July 14, 2018

കോഴിക്കോട്: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്. നാസറിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി വൈകി മുളന്തുരുത്തിയിലെ വീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടില്‍ ആലുവ പോലീസ് നടത്തിയ തെരച്ചിലില്‍ ചില രേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

മൂവാറ്റുപുഴയിലെ രഹസ്യകേന്ദ്രത്തില്‍വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നാസറിനെ ചോദ്യംചെയ്തു. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ആലുവയില്‍ അറസ്റ്റുചെയ്തവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നാസറിന്റെ വീട്ടില്‍ തെരച്ചില്‍ നടത്തിയത്.

കേസില്‍ ഇതുവരെ 13 എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുള്ളത്. അതേസമയം, കൊലയാളി സംഘം വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു.