ഓപ്പണർ അഭിഷേക് ശർമയുടെയും നായകൻ സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ട് അർധ സെഞ്ച്വറികളുടെ ബലത്തിൽ ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം. സന്ദർശകരുടെ 154 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും 10 ഓവറിൽ തന്നെ മറികടന്നു.
ഈ ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി (3–0). ഇനി രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കുന്നു. സ്കോർ: ന്യൂസിലൻഡ് – 20 ഓവറിൽ 9 വിക്കറ്റിന് 153 ഇന്ത്യ – 10 ഓവറിൽ 2 വിക്കറ്റിന് 155
അഭിഷേക് ശർമ 20 പന്തിൽ അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 68 റൺസ് നേടി പുറത്താകാതെ നിന്നു. 14 പന്തിലാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇത് അന്താരാഷ്ട്ര ട്വന്റി20യിൽ ഒരു ഇന്ത്യൻ ബാറ്ററുടെ രണ്ടാമത്തെ അതിവേഗ അർധ സെഞ്ച്വറിയാണ്. 12 പന്തിൽ അർധ സെഞ്ച്വറി നേടിയ യുവരാജ് സിങ്ങാണ് ഈ പട്ടികയിൽ ഒന്നാമത്.
സൂര്യകുമാർ യാദവ് 26 പന്തിൽ മൂന്ന് സിക്സും ആറു ഫോറുമടക്കം 57 റൺസ് നേടി. മൂന്നാം വിക്കറ്റിൽ അഭിഷേകും സൂര്യകുമാറും ചേർന്ന് 40 പന്തിൽ 102 റൺസാണ് അടിച്ചുകൂട്ടിയത്. ഇഷാൻ കിഷൻ 13 പന്തിൽ 28 റൺസെടുത്ത് പുറത്തായി.
നേരിട്ട ആദ്യ പന്തിൽ തന്നെ സഞ്ജു സാംസൺ പുറത്തായത് ഇന്ത്യക്ക് തുടക്കത്തിൽ തിരിച്ചടിയായി. മാറ്റ് ഹെൻറിയുടെ ഓവറിലെ ആദ്യ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു സഞ്ജു. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് താരം നിരാശപ്പെടുത്തുന്നത്. പിന്നാലെ ക്രീസിലെത്തിയ ഇഷാൻ കിഷൻ അതേ ഓവറിൽ തുടർച്ചയായി രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടി കളി ഇന്ത്യയുടെ പക്ഷത്തേക്ക് തിരിച്ചു.
ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 10ഉം 6ഉം റൺസാണ് സഞ്ജു നേടിയത്. ഇതോടെ താരത്തിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുകയാണ്. സഞ്ജുവിന് പകരം ഇഷാനെ വിക്കറ്റ് കീപ്പറായി കളിപ്പിക്കാനും, ശ്രേയസ് അയ്യറെ ടീമിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് സൂചന.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് നേടിയത്. ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് കിവികളെ പിടിച്ചുകെട്ടിയത്. ജസ്പ്രീത് ബുംറ നാല് ഓവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. 40 പന്തിൽ 48 റൺസെടുത്ത ഗ്ലെൻ ഫിലിപ്സാണ് സന്ദർശകരുടെ ടോപ് സ്കോറർ. മാർക്ക് ചാപ്മാൻ 23 പന്തിൽ 32 റൺസും നേടി.
ഡെവൺ കോൺവേ (2 പന്തിൽ 1), ടീം സീഫെർട് (11 പന്തിൽ 12), രചിൻ രവീന്ദ്ര (5 പന്തിൽ 4), ഡാരിൽ മിച്ചൽ (8 പന്തിൽ 4), മിച്ചൽ സാന്റ്നർ (17 പന്തിൽ 27), കൈൽ ജാമിസൻ (5 പന്തിൽ 3), മാറ്റ് ഹെൻറി (1 പന്തിൽ 1) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. ഇഷ് സോഡി (5 പന്തിൽ 2), ജേക്കബ് ഡഫി (3 പന്തിൽ 4) എന്നിവർ പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യയും രവി ബിഷ്ണോയിയും രണ്ട് വിക്കറ്റ് വീതം നേടി. ഹർഷിത് റാണ ഒരു വിക്കറ്റും സ്വന്തമാക്കി. അർഷ്ദീപ് സിങ്ങിനും വരുൺ ചക്രവർത്തിക്കും വിശ്രമം നൽകി ജസ്പ്രീത് ബുംറയെയും രവി ബിഷ്ണോയിയെയും കളിപ്പിച്ച ഇന്ത്യയുടെ തീരുമാനം ഫലം കണ്ടു.