News

ഓയില്‍ മര്‍ദ്ദത്തില്‍ അസ്വാഭാവികത; ഡല്‍ഹി-മുംബൈ വിമാനം തിരിച്ചിറക്കി

By webdesk17

December 22, 2025

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 777337ഇആര്‍ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. പറന്നുയര്‍ന്നതിന് പിന്നാലെ വലതുവശത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദ്ദം പെട്ടെന്ന് കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.

പുലര്‍ച്ചെ 3:20ന് ടേക്ക് ഓഫ് ചെയ്ത വിമാനം, ഉയരമെടുക്കുന്നതിനിടെ രണ്ടാമത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദ്ദം പൂജ്യത്തിലേക്ക് താഴ്ന്നതായി കണ്ടെത്തി. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പൈലറ്റുകള്‍ വിമാനം തിരികെ ഇറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. പരിക്കുകളൊന്നുമില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്ക് മുംബൈയിലേക്കുള്ള പകരം യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും കമ്പനി വ്യക്തമാക്കി.

എന്‍ജിന്‍ ഘടകങ്ങള്‍ തണുപ്പിക്കുകയും സുഗമമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാന്‍ ഓയില്‍ നിര്‍ണായകമായതിനാല്‍ മര്‍ദ്ദം പൂജ്യമാകുന്നത് എന്‍ജിന്‍ പ്രവര്‍ത്തനം നിലയ്ക്കുകയോ തീപിടിക്കുകയോ ചെയ്യുന്ന ഗുരുതര അപകടസാധ്യത ഉയര്‍ത്തും. ഇതു മുന്‍നിര്‍ത്തിയാണ് അടിയന്തര ലാന്‍ഡിങ്. സംഭവത്തില്‍ സിവില്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൂടാതെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) അന്വേഷണം നടത്താന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായും അറിയിച്ചു.