Film

ചരിത്രം കുറിച്ച് ‘കാന്താര ചാപ്റ്റര്‍ 1’ ; 2025 ലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം

By webdesk17

October 28, 2025

നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ ഇതിഹാസ ആക്ഷന്‍ ഡ്രാമയായ ‘കാന്താര ചാപ്റ്റര്‍ 1’ ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ചുകൊണ്ട് മുന്നേറുകയാണ്. റിലീസ് ചെയ്ത് 26 ദിവസം പിന്നിട്ടിട്ടും ചിത്രം തിയറ്ററുകളില്‍ വന്‍വിജയം തുടരുന്നു. 2025 ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമയായി ചിത്രം മാറി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ആകെ കളക്ഷന്‍ 800 കോടിയിലേറെയായി വളര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ മാത്രം 590 കോടിയോളം കളക്ഷന്‍ നേടി.

125 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. ഇതോടെ ‘ഛാവ’ യെ മറികടന്ന് ‘കാന്താര ചാപ്റ്റര്‍ 1’ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററായി. കെ.ജി.എഫ് ചാപ്റ്റര്‍ 2ന് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ കന്നഡ ചിത്രമാണിത്. 2022 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗമായ ‘കാന്താര’ യുടെ ആകെ കളക്ഷനെ(407.82 കോടി) ഇതിനകം മറികടന്നിരിക്കുന്നു. ലോകമെമ്പാടുമുള്ള 800 കോടി ക്ലബ്ബില്‍ പ്രവേശിക്കുന്ന 14 മത്തെ ഇന്ത്യന്‍ സിനിമയെന്ന നേട്ടവും സ്വന്തമാക്കി. ചിത്രം 2025ല്‍ ഏറ്റവും കൂടുതല്‍ ഒറ്റ ദിവസം കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ സിനിമയുമാണ്. ഹിന്ദി പതിപ്പ് മാത്രം 200 കോടി രൂപയുടെ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കന്നഡ സിനിമയായി. കര്‍ണ്ണാടകത്തിലെ കളക്ഷന്‍ ഇതുവരെ 181 കോടി രൂപയായി.

ചിത്രം ഒക്ടോബര്‍ 31 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ കന്നഡ,തെലുങ്ക്,തമിഴ്,മലയാളം ഭാഷകളില്‍ സ്ട്രീം ചെയ്യാനിരിക്കുന്നു. ‘കാന്താര ചാപ്റ്റര്‍ 1’ യഥാര്‍ത്ഥത്തില്‍ 2022 ലെ ചിത്രത്തിന്റെ പ്രീക്വല്‍ (പൂര്‍വ്വകഥ) ആണ്. ആദ്യഭാഗത്തേക്കാള്‍ മൂന്നിരട്ടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷൂട്ടിംഗിനിടെ നിരവധി അപകടങ്ങള്‍ സംഭവിക്കുകയും നാല് പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിന്നു. സംവിധായകന്‍ ഋഷഭ് ഷെട്ടി തന്നെ ‘ ഷൂട്ടിംഗിനിടെ പല തവണ മരണത്തെ നേരിട്ടു’ എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്ന് മുന്നേറിയ ഈ ചിത്രം ഇപ്പോള്‍ ബോക്സ് ഓഫീസില്‍ പുതിയ ചരിത്രം എഴുതുകയാണ്.