കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്ത് നടന്ന പല സ്‌ഫോടനങ്ങള്‍ക്കും പിന്നിലും തീവ്ര ഹിന്ദുത്വവാദിയായ എം.ഡി മുര്‍ളിയെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എംഎ എ.ടി.എസ്). യുക്തിവാദി നരേന്ദ്ര ദബോല്‍ക്കര്‍, സാമൂഹ്യപ്രവര്‍ത്തകനായ ഗോവിന്ദ് പന്‍സാരെ, കന്നഡ എഴുത്തുകാരന്‍ എം.എം കല്‍ബുര്‍ഗി, ബംഗളൂരില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ വധത്തിനു പിന്നിലെ മുഖ്യ സൂത്രധാരന്‍ കൂടിയാണ് എം.ഡി മുര്‍ളിയെന്ന് എ.ടി.എസ് പറയുന്നു. അതേസമയം കൊടും കുറ്റവാളിയായ മുരളി ആരാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാനോ ഇയാളെ പിടികൂടാനോ ഒരു സുരക്ഷാ ഏജന്‍സിക്കും കഴിഞ്ഞിട്ടില്ല. ഔറംഗാബാദ് സ്വദേശിയായ വലതുപക്ഷ തീവ്രവാദിയായ എം.ഡി മുര്‍ളി നിലവില്‍ ഒളിവില്‍ കഴിയുകയാണ്.
2018ല്‍ മുര്‍ളിയെ കണ്ടെത്താനായി ഗോവയിലും ഔറംഗാബാദിലും എടിഎസ് സംഘം ചെന്നിരുന്നു. പക്ഷേ അയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. മുര്‍ളിയുടെ ചിത്രം തങ്ങളുടെ പക്കലുണ്ടെന്ന് പറയുന്ന എടിഎസിന് പക്ഷേ രാജ്യത്തെ പ്രധാന സ്ഫോടനങ്ങളുടെ സൂത്രധാരനായ മുര്‍ളിക്കരികിലെത്താനായിട്ടില്ല. മുര്‍ളിയെക്കുറിച്ചുള്ള നിര്‍ണായകമായ ചില വിവരങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.
2018ല്‍ ആഗസ്റ്റില്‍ മഹാരാഷ്ട്രയിലെ നലസോപാറ സ്വദേശിയായ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകന്‍ വൈഭവ് റാവത്തിന്റെ വസതിയില്‍ എ.ടി.എസ് റെയ്ഡ് നടത്തിയിരുന്നു. നിരവധി ആയുധങ്ങള്‍ കണ്ടെടുത്ത ആ റെയ്ഡില്‍ പിന്നീട് സനാതന്‍ സന്‍സ്ത അനുകൂലികളായ ശരത് കലാസ്‌കര്‍, സുധന്‍വ ഗോന്ധാലേക്കര്‍, ശ്രീകാന്ത് പാങ്കാര്‍കര്‍, അവിനാഷ് പവാര്‍ എന്നിവരുടെ പങ്ക് വെളിവാകുകയും ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ ഈ അഞ്ചുപേര്‍ മുര്‍ളിയുടെ പേര് പറഞ്ഞപ്പോള്‍ അവര്‍ അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പൊലീസ് ആദ്യം വിശ്വസിച്ചത്. ഇവരില്‍ ചിലര്‍ക്ക് ദബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് വധത്തില്‍ പങ്കുണ്ടെന്ന് എടിഎസ് ആരോപിക്കുകയും ചെയ്തിരുന്നു.
‘മുര്‍ളിയാണ് ഇവരെ ഒരുമിച്ചു നിര്‍ത്തിയത്. സ്ഥിരമായി യോഗവും വിളിച്ചു ചേര്‍ക്കാറുണ്ടായിരുന്നു’ 2008നുശേഷം നടന്ന നിരവധി സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ടു ചെയ്യുന്നു.
Hindutva terror: Mah ATS has alleged that MD Murli, a right-wing activist from Aurangabad, was the mastermind behind the killings of rationalist Narendra Dabholkar, writer Govind Pansare, Kannada academic M M Kalburgi as well as journalist Gauri Lankesh. https://t.co/z3lABIpXLf
— Prashant Bhushan (@pbhushan1) May 3, 2019
മുര്‍ളിയെ തങ്ങള്‍ നേരിട്ട് കണ്ടിട്ടില്ലെന്നും അമോല്‍ കാലെയെന്ന വ്യക്തിയാണ് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ തങ്ങളെ അറിയിക്കാറുള്ളതെന്നുമാണ് പ്രതികള്‍ പറഞ്ഞത്. പിന്നീട് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് കര്‍ണാടക സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം കാലെയെ അറസ്റ്റു ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് എ.ടി.എസ് അഞ്ചുപേരെ 20 ദിവസത്തിലേറെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മുര്‍ളിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലായത്. പിന്നീട് മുര്‍ളിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കണ്ടെത്താനായില്ല. അറസ്റ്റിലായ പ്രതികളെ ഉള്‍പ്പെടുത്തി മുര്‍ളി സ്ഥിരമായി യോഗം ചേര്‍ന്നിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി അന്വേഷണ സംഘാംഗം പറഞ്ഞു. 2008 മുതല്‍ രാജ്യത്ത് നടന്ന നിരവധി സ്‌ഫോടനത്തിനു പിന്നിലും ഇയാളാണെന്നും എ.ടി.എസ് സംഘാംഗം വ്യക്തമാക്കി. ഹിന്ദു വിരുദ്ധമെന്ന് സംഘം കണ്ടെത്തിയതിനെ തുടര്‍ന്ന് 2017ല്‍ പൂനെയില്‍ ഇലക്ട്രോണിക് ഡാന്‍സ്, മ്യൂസിക്കല്‍ ഫെസ്റ്റിവലായ സണ്‍ബേണിനിടക്ക് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും എ.ടി.എസ് പറയുന്നു. അറസ്റ്റില്‍ നിന്നും രക്ഷപ്പെട്ട് മുങ്ങി നടക്കുന്ന മുര്‍ളിയുടെ ചിത്രം എ.ടി.എസിന് ലഭിച്ചിട്ടുണ്ടെങ്കിലും നിര്‍ണായക വിവരം ലഭ്യമാകുന്നതിനായി അന്വേഷണ സംഘം കാത്തിരിക്കുകയാണ്. ദാബോല്‍കര്‍, പന്‍സാരെ കേസുകളില്‍ അന്വേഷണം ഗൗരവകരമായി നടത്തി പൂര്‍ത്തിയാക്കണമെന്ന് മാര്‍ച്ചില്‍ ബോംബെ ഹൈക്കോടതി സി.ബി.ഐയോടും എസ്.ഐ.ടിയോടും ആവശ്യപ്പെട്ടിരുന്നു.