GULF

ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍

By webdesk14

May 29, 2025

അബുദാബി: ജീവിത നിലവാരം,സുരക്ഷ,സന്തോഷം എന്നിവയില്‍ അബുദാബി ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന് സര്‍വേ ഫലം. കഴിഞ്ഞ വര്‍ഷം അബുദാബി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പ് (ഡിസിഡി) നടത്തിയ അഞ്ചാമത് ജീവിത നിലവാര സര്‍വേയിലാണ് ലോകത്തെ മികച്ച ജനക്ഷേമ നഗരങ്ങളിലൊന്നായി അബുദാബി വീണ്ടും സ്ഥാനമുറപ്പിച്ചത്. ഈ വര്‍ഷത്തെ ആഗോള സൂചക പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തിരഞ്ഞെടുത്തിരുന്നു. ഈ അംഗീകാരത്തിന്റെ തുടര്‍ച്ചയായാണ് ഡിസിഡിയുടെ സര്‍വേ ഫലം പുറത്തുവന്നിട്ടുള്ളത്.

14 പ്രധാന സാമൂഹിക ക്ഷേമ സൂചകങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു സര്‍വേ. അബുദാബിയില്‍ രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് 93.6 ശതമാനം നിവാസികളും പങ്കുവച്ചതായി സര്‍വേ വെളിപ്പെടുത്തുന്നു. സന്തോഷ സൂചകവും 7.63ല്‍ നിന്ന് 10ല്‍ 7.74 ആയി ഉയര്‍ന്നിട്ടുണ്ട്. 190 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 100,000ത്തിലധികം വ്യക്തികള്‍ സര്‍വേയില്‍ പങ്കെടുത്തു. ഭവന നിര്‍മാണം,തൊഴിലവസരങ്ങളും വരുമാനവും,കുടുംബ വരുമാനവും സമ്പത്തും,ജോലി-ജീവിത സന്തുലിതാവസ്ഥ,ആരോഗ്യം,വിദ്യാഭ്യാസം, കഴിവുകള്‍,വ്യക്തിഗത സമാധാനവും സുരക്ഷയും,സാമൂഹിക ബന്ധങ്ങള്‍,പൗര പങ്കാളിത്തവും ഭരണവും,പരിസ്ഥിതി ഗുണനിലവാരം,സാമൂഹികവും സാംസ്‌കാരികവുമായ ഐക്യം,സാമൂഹിക സേവനം,ജീവിത നിലവാരം,ഡിജിറ്റല്‍ സംതൃപ്തി,ക്ഷേമം തുടങ്ങിയ സൂചകങ്ങളിലാണ് പൊതുജനാഭിപ്രായം തേടിയത്. 75.6 ശതമാനം താമസക്കാര്‍ക്കും ശക്തമായ സാമൂഹിക പിന്തുണാ ശൃംഖലയുണ്ടെന്ന് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. യുഎഇ കമ്മ്യൂണിറ്റി വര്‍ഷത്തില്‍ സാമൂഹിക ഐക്യത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതാണിത്.

അബുദാബിയിലെ തൊഴില്‍ നിരക്കുകള്‍ ഒഇസിഡി ശരാശരിയേക്കാള്‍ കൂടുതലാണ്. ഇത് സാമ്പത്തിക അവസരങ്ങള്‍ക്കുള്ള എമിറേറ്റിന്റെ ആഗോള ആകര്‍ഷണത്തെ ശക്തിപ്പെടുത്തുന്നതാണ്. സന്നദ്ധസേവന പങ്കാളിത്ത നിരക്ക് 34.3 ശതമാനത്തിലെത്തി. ഇത് താമസക്കാര്‍ക്കിടയില്‍ ശക്തമായ കമ്മ്യൂണിറ്റി മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള എമിറേറ്റിന്റെ ശ്രമങ്ങളെ സര്‍വേ ഫലങ്ങളില്‍ വ്യക്തമാണെന്ന് ഡിസിഡി സോഷ്യല്‍ മോണിറ്ററിങ് ആന്റ് ഇന്നൊവേഷന്‍ സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ശൈഖ അല്‍ ഹൊസാനി പറഞ്ഞു. വ്യക്തിഗത ക്ഷേമത്തിന് മുന്‍ഗണന നല്‍കാന്‍ നൂതന നയങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അബുദാബിയുടെ നിരന്തര പ്രതിബദ്ധതയാണ് ജീവിത നിലവാര സര്‍വേ തെളിയിക്കുന്നതെന്നും അവര്‍ പറഞ്ഞു.