gulf

അബുദാബി മാര്‍ത്തോമ്മാ ഇടവക കൊയ്ത്തുത്സവം 27ന്

By Test User

November 23, 2022

അബുദാബി: കോവിഡ് മഹാമാരിയുടെ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അബുദാബി മാര്‍ത്തോമ്മാ ഇടവക ഒരുക്കുന്ന കൊയ്ത്തുത്സവം നവംബര്‍ 27 നു ഞായറാഴ്ച മുസ്സഫ മാര്‍ത്തോമ്മാ ദൈവാലയാങ്കണത്തില്‍ നടക്കും. രാവിലെ എട്ടുമണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയോടെയാണ് പരിപാടി തുടക്കം കുറിക്കുന്നത്.

വിശ്വാസികള്‍ ആദ്യഫലപ്പെരുന്നാള്‍ വിഭവങ്ങള്‍ ദൈവാലയത്തില്‍ സമര്‍പ്പിക്കും. വൈകിട്ട് മൂന്നിനു നടക്കുന്ന വര്‍ണ്ണാഭമായ വിളംബര ഘോഷയാത്രയോടെയാണ് വിളവെടുപ്പുത്സവത്തിനു ആരംഭം കുറിക്കുക. ഇടവകയുടെ ഈ വര്‍ഷത്തെ ചിന്താവിഷയമായ ‘ജീവന്റെ പുതുക്കവും, രക്ഷയുടെ സന്തോഷവും എന്ന വിഷയത്തെയും യു എ ഇ യുടെ ദേശീയ ദിനത്തേയും അനുസ്മരിപ്പിക്കുന്ന ദൃശ്യാവിഷ്‌ക്കാരങ്ങളും നിശ്ചല ദൃശ്യങ്ങളും റ്വിളംബര യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പൊതുസമ്മേളനത്തില്‍ ഇടവക വികാരി റവ. ജിജു ജോസഫ് അദ്ധ്യക്ഷത വഹിക്കും. സഹവികാരി റവ. അജിത് ഈപ്പന്‍ തോമസ്, ജനറല്‍ കണ്‍വീനര്‍ തോമസ് എന്‍ എബ്രഹാം എന്നിവര്‍ പ്രസംഗിക്കും.

വിളവെടുപ്പുത്സവനഗരിയിലെ ഭക്ഷണ ശാലകള്‍ക്കും തുടക്കമാകും. കാര്‍ഷികഗ്രാമ പശ്ചാത്തലത്തില്‍ തയ്യാറാക്കുന്ന ഉത്സവനഗരിയില്‍ തനതു കേരളത്തനിമയുള്ള ഭക്ഷണ വിഭവങ്ങളും രുചിവൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും ലഭ്യമാകുന്ന 40 ഭക്ഷണശാലകളാവും തുറക്കുക. യുവജന സഖ്യത്തിന്റെ തനി നാടന്‍ തട്ടുകട, അലങ്കാരച്ചെടികള്‍, നിത്യോപയോഗ സാധനങ്ങള്‍, വിനോദമത്സരങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. കൊയ്ത്തുത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഇടവകയിലെ വിവിധ സംഘടനകള്‍ ഒരുക്കുന്ന സംഗീതനൃത്ത പരിപാടികള്‍, ലഘു ചിത്രീകരണം തുടങ്ങിയ കലാപരിപാടികളും നടക്കും.

കൊയ്ത്തുത്സവത്തിലൂടെ ലഭിക്കുന്ന വരുമാനമാണ് ഇടവകയുടെ വിവിധ സാമൂഹ്യ പ്രവര്‍ത്തങ്ങള്‍ക്ക് വിനിയോഗിക്കുന്നതെന്നു വികാരി റവ. ജിജു ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സഹവികാരി റവ. അജിത് ഈപ്പന്‍ തോമസ്, ജനറല്‍ കണ്‍വീനര്‍ തോമസ് എന്‍ എബ്രഹാം, ട്രസ്റ്റി പ്രവീണ്‍ കുര്യന്‍, സെക്രട്ടറി അജിത്. എ. ചെറിയാന്‍, പബ്ലിസിറ്റി കണ്‍വീനര്‍ പ്രവീണ്‍ ഈപ്പന്‍ ജോയന്റ് കണ്‍വീനര്‍ ഡെന്നി ജോര്‍ജ്, ബിജു വര്‍ഗീസ്, മനോജ് സക്കറിയ, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു