GULF

സുസ്ഥിരതാ അവാര്‍ഡ് കരസ്ഥമാക്കി അബുദാബി നഗരസഭ

By webdesk17

May 16, 2025

അബുദാബി: മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും സുസ്ഥിരതയിലും പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും നല്‍കുന്ന മുന്‍നിര പങ്കിനുള്ള അംഗീകാരമായി അബുദാബി സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് നല്‍കുന്ന ‘സുസ്ഥിരതാ ജേതാവ്’ അവാര്‍ഡ് അബുദാബി നഗരസഭ കരസ്ഥമാക്കി.

കെട്ടിടങ്ങളിലെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും നഗരപ്രദേശങ്ങളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും അബുദാബി സിറ്റി മുനിസിപ്പാലിറ്റി നടപ്പിലാക്കിയ സംരംഭങ്ങള്‍ക്കുള്ള അംഗീകാരമായാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

കെട്ടിടങ്ങളുടെ ശീതീകരണച്ചെലവ് കുറയ്ക്കുന്നതിലും, കൂടുതല്‍ സുസ്ഥിരമായ നഗര പരിസ്ഥിതി വളര്‍ത്തുക, പുനരുപയോഗം, ഹൈഡ്രോപോണിക് സംവിധാനങ്ങള്‍, മുനിസിപ്പല്‍ കെട്ടിടങ്ങളിലെ ഗ്രേ വാട്ടര്‍ പുനരുപയോഗം, ഊര്‍ജ്ജ ഉപഭോഗത്തില്‍ ഗണ്യമായ കുറവ് കൈവരിക്കുന്നതിന് ഊര്‍ജ്ജ മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കല്‍ എന്നിവയെല്ലാം അവാര്‍ഡ് നേടുന്നതില്‍ മികച്ച സംഭാവനയായി കണക്കാക്കിയിട്ടുണ്ട്. അബുദാബി സിറ്റി മുനിസിപ്പാലിറ്റിയെ പരിസ്ഥിതി, സാമൂഹിക, സാമ്പത്തിക സുസ്ഥിരത മേഖലയിലെ ഒരു മുന്‍നിര സ്ഥാപനമാക്കി മാറ്റുന്നതിന് ഡോ.ഹുദ ഖലീഫ അല്‍സല്‍മി നല്‍കിയ സേ വനങ്ങള്‍ ശ്രദ്ധേയമാണ്.

വെര്‍ച്വല്‍ റിയാലിറ്റി അവബോധ പരിപാടികള്‍, പരിസ്ഥിതി, ആരോഗ്യം, സുരക്ഷ എന്നീ മേഖല കളിലെ ഇ-പരിശീലനം, പരിശോധനാ സംവിധാനങ്ങളും സ്മാര്‍ട്ട് സൊല്യൂഷനുകളും, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ പ്രോജക്റ്റ്, ഗ്രീന്‍ റൂഫുകള്‍, ഊര്‍ജ്ജ ക്രമീകരണ സംവിധാനങ്ങള്‍ എന്നിവയുള്‍ പ്പെടെ നിരവധി പദ്ധതികളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്തുക്കള്‍ നിരോധിക്കല്‍ തുടങ്ങിയവയും അവാര്‍ഡിനായി പരിഗണിക്കപ്പെട്ടു.