ആലുവയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തിലിന് ജയില്‍ മര്‍ദ്ദനം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സഹതടവുക്കാരനായ രഹിലാലുമായി തര്‍ക്കമുണ്ടാക്കുകയും തമ്മില്‍ തല്ലുകയും ചെയ്തു. തര്‍ക്കത്തിനിടയില്‍ സ്പൂണ്‍കൊണ്ട് തലക്ക് മര്‍ദ്ദനമേറ്റ ഇയാള്‍ക്ക് ചികിത്സ നല്‍കി. അസ്ഫാക്കിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
2023 ജൂലൈ 28ന് അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊന്ന കേസില്‍ വധശിഷയും ജീവപര്യന്തവും ശിഷിക്കപ്പെട്ട് കഴിയുകയാണ് അസ്ഫാക്ക്. ആലുവയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ ആലുവമാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള സ്ഥലത്തുവെച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തിയ നിലയിലാണ് മൃതദേഹം പോലീസ് കണ്ടെടുത്തത്. കുറ്റകൃത്യം നടന്ന് 35 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്തു. കൃത്യം നടന്ന് 100 ാം ദിവസത്തില്‍ തന്നെ പ്രതിക്കുറ്റക്കാരനാണെന്ന് എറണാകുളം പോസ്‌കോ കോടതി വിധിച്ചു. ഐപിസി 302-ാം വകുപ്പ് പ്രകാരം വധശിക്ഷയും അഞ്ചു വകുപ്പുകളിലായി ജീവപര്യന്തം ശിക്ഷയുമാണ് ജഡ്ജി കെ സോമന്‍ വിധിച്ചത്. ഇയാള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി ജഡ്ജി വ്യക്തമാക്കിയിരുന്നു.
കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്സോ കുറ്റങ്ങള്‍, പ്രകൃതി വിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരം തുടങ്ങിയ 16 കുറ്റങ്ങളാണ് പ്രതിക്കെതിരെ കോടതി ചുമത്തിയിരുന്നത്. 3 കുറ്റങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതിനാല്‍ 13 കുറ്റങ്ങളില്‍ മാത്രമാണ് ശിക്ഷ വിധിക്കുക എന്ന് കോടതി വ്യക്തമാക്കിയിരുന്നു. പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവുകള്‍ നല്‍കണമെന്നും വധശിക്ഷനല്‍കരുതെന്നും പ്രതി അസ്ഫാക് ആവശ്യപ്പെട്ടിരുന്നു.