ഉത്തര്‍പ്രദേശില്‍ ജയിലില്‍ നിന്നും തടവുകാരന്‍ ഹൈക്കോടതി ജഡ്ജിക്ക് ഭീഷണി സന്ദേശമയച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. 3700 കോടിയുടെ സൈബര്‍ തട്ടിപ്പ് കേസിലെ പ്രതിയാണ് മറ്റൊരാളുടെ പേരില്‍ ജഡ്ജിക്ക് ഭീഷണി മെയില്‍ അയച്ചത്.
ലഖ്‌നൗ ജയിലില്‍ കഴിയുന്ന അനുഭവ് മിത്തല്‍ ആണ് മറ്റൊരു തടവുകാരനെ കുടുക്കാന്‍ വ്യാജ പേരില്‍ ഇമെയില്‍ അയച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ വ്യാജ ഓണ്‍ലൈന്‍ വ്യാപാര പദ്ധതിയിലൂടെ ഏഴ് ലക്ഷത്തോളം നിക്ഷേപകരില്‍ നിന്നും 3700 കോടി തട്ടിയ കേസില്‍ നിലവില്‍ ജയിലിലാണ്.
ലഖ്‌നൗ ബെഞ്ചിലെ ജഡ്ജിക്കയച്ച ഭീഷണി സന്ദേശത്തില്‍ നിങ്ങള്‍ കൊല്ലപ്പെടാന്‍ പോവുകയാണ് എന്നായിരുന്നു. സൈബര്‍ സെല്ലും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ കോണ്‍സ്റ്റബിള്‍ അജയ് കുമാറിന്റെ ഫോണില്‍ നിന്നാണ് ഇയാള്‍ ഇമെയില്‍ അയച്ചതെന്ന് കണ്ടെത്തി.
ഭീഷണിയുമായി ബന്ധപ്പെട്ട് അനുഭവ് മീത്തല്‍, പൊലീസ് കോണ്‍സ്റ്റബിള്‍ അജയ് കുമാര്‍ എന്നിവര്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തതായും നവംബര്‍ നാലിന് കോടതിയില്‍ നടന്ന വാദം കേള്‍ക്കലില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ മിത്തലിനൊപ്പം ഉണ്ടായിരുന്നതായും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അന്ന്, മിത്തല്‍ കേസിന്റെ വിശദാംശം പരിശോധിക്കാന്‍ ഫോണ്‍ വാങ്ങുകയും താനറിയാതെ ഒരു പുതിയ ഇമെയില്‍ ഐഡിയുണ്ടാക്കിയതായും കുമാര്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ ഭീഷണി സന്ദേശം അയയ്‌ക്കെപ്പെടുന്ന രീതിയില്‍ ടൈമര്‍ സജ്ജീകരിച്ചതായും പൊലീസ് കോണ്‍സ്റ്റബിള്‍ പറഞ്ഞു.
2023 ഡിസംബര്‍ മുതല്‍ ഒരു കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന ആനന്ദേശ്വര്‍ അഗ്രഹാരി എന്ന സഹതടവുകാരനോടുള്ള വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് ഇയാളെ കുടുക്കാനാണ് മിത്തല്‍ അയാളുടെ പേരില്‍ ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് വ്യക്തമാക്കി.