News

മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

By Manya

February 22, 2026

കാസര്‍കോട്: മോഷണക്കുറ്റം ചുമത്തി അപമാനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക പീഡനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. നാലത്തടുക്ക സ്വദേശിനി 24കാരിയായ ജസീല ആണ് മരിച്ചത്. രണ്ട് കുട്ടികളുടെ മാതാവാണ്.

സ്വര്‍ണം മോഷ്ടിച്ചെന്ന വ്യാജാരോപണം അയല്‍വാസികളില്‍ നിന്നുമുയര്‍ന്നതായും തുടര്‍ന്ന് പൊലീസിലും പരാതി നല്‍കിയതായും കുടുംബം ആരോപിച്ചു. ആരോപണങ്ങള്‍ക്കുപിന്നാലെ ജസീലക്ക് സാമൂഹികമായ അപമാനവും മാനസിക പീഡനവും നേരിട്ടുവെന്ന് ബന്ധുക്കള്‍ പറയുന്നു. അയല്‍വാസികളും പൊലീസും ചേര്‍ന്ന് ജസീലയെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി.

താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കിയ വീഡിയോ ചിത്രീകരിച്ച ശേഷമാണ് കഴിഞ്ഞ ഞായറാഴ്ച ജസീല വിഷം കഴിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

ഭര്‍ത്താവിന്റെ വീടിന് സമീപമുള്ള യുവാവും കുടുംബവും ചേര്‍ന്ന് ഉന്നയിച്ച മോഷണാരോപണവും തുടര്‍ന്നുണ്ടായ പരസ്യ സ്വഭാവഹത്യയും ആത്മഹത്യയ്ക്ക് കാരണമായതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.