ന്യൂഡല്‍ഹി: ഇന്ത്യയുടെ 21-ാമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി അചല്‍ കുമാര്‍ ജോതി ബുധനാഴ്ച ചുമതലയേല്‍ക്കും. നാളെ സ്ഥാനമൊഴിയുന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയുടെ പകരക്കാരനായാണ് ജോതി എത്തുന്നത്. 1975 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ജോതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്നു.
achal64 കാരനായ ജോതി 2015 മെയ് എട്ടിനാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാവുന്ന ജോതി അടുത്ത വര്‍ഷം ജനുവരി 17 വരെയാണ് തുടരുക.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നീ സ്ഥാനത്ത് ആറു വര്‍ഷമോ അല്ലെങ്കില്‍ 65 വയസു വരെയോ ആണ് തുടരാനാവുക. ഗുജറാത്ത് വിജിലന്‍സ് കമ്മീഷണര്‍, കാണ്ഡ്‌ല പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, സര്‍ദാര്‍ സരോവര്‍ നര്‍മദ നിഗം ലിമിറ്റഡ് എം.ഡി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഗുജറാത്ത് വ്യവസായ, റവന്യു, ജലസേചന വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സെയ്ദിയുടെ വിരമിക്കലിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒഴിവു വരുന്ന ഒരു സ്ഥാനത്തേക്ക് സര്‍ക്കാര്‍ ഉടന്‍ നിയമനം നടത്തും. മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഓംപ്രകാശ് റാവത്താണ് നിലവിലുള്ള ഒരംഗം.