india

വാലന്റൈന്‍സ് ദിനത്തില്‍ പ്രണയാഭ്യാര്‍ഥന നിരസിച്ചതിന് യുവതിക്ക് നേരെ ആസിഡ് ആക്രമണം

By webdesk18

February 14, 2025

ആന്ധ്ര പ്രദേശില്‍ വാലന്റൈന്‍സ് ദിനത്തില്‍ പ്രണയാഭ്യാര്‍ഥന നിരസിച്ചതിന് യുവതിക്ക് നേരെ ആസിഡ് ആക്രമണം. കാദിരി റോഡില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന ആന്ധ്രാ സ്വദേശിനി ഗൗതമിയ്ക്ക് നേരെയാണ് (23) ആക്രമണമുണ്ടായത്. ആന്ധ്ര പ്രദേശിലെ പേരമ്പള്ളിയിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയെ സ്ഥിരമായി ശല്യം ചെയ്തിരുന്ന ഗണേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഗൗതമിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് കത്തി കൊണ്ട് കുത്തി വീഴ്ത്തുകയും ശേഷം ആസിഡ് യുവതിയുടെ മുഖത്തൊഴിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ ഗൗതമി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏപ്രില്‍ 29ന് ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ വിവാഹം ഉറപ്പിച്ചത് അറിഞ്ഞിട്ടും ഗണേഷ് യുവതിയെ സ്ഥിരമായി ശല്യം ചെയ്യുകയായിരുന്നു. ഗണേഷിന്റെ പ്രണയാഭ്യര്‍ഥന ഗൗതമി ആദ്യമേ തന്നെ നിരസിച്ചിരുന്നു. വാലന്റൈന്‍സ് ദിനത്തിലും ഗണേഷ് വീണ്ടും തന്റെ പ്രണയം ഗൗതമിയെ അറിയിച്ചു. എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞ ഗൗതമി പ്രണയാഭ്യര്‍ഥന വീണ്ടും നിരസിക്കുകയായിരുന്നു.