health

അസിഡിറ്റി, ഗ്യാസ്‌ട്രൈറ്റിസ്: റമദാനില്‍ എങ്ങനെ നിയന്ത്രിക്കാം

By Akhila

February 24, 2026

Dr. Binila Jose

Consultant Gastroenterology

Aster MIMS Kozhikode

തിരക്കേറിയ ജീവിതം പലര്‍ക്കും സമ്മാനിച്ച ആരോഗ്യപ്രശ്‌നമാണ് അസിഡിറ്റി. ഇത് വളരെ ചെറിയൊരു പ്രശ്നമാണെന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ രോഗം അനുഭവിച്ചവര്‍ക്കറിയാം അതിന്റെ ബുദ്ധിമുട്ട്. റംസാന്‍ മാസത്തില്‍ പലരും ഈ ബുദ്ധിമുട്ടിന് കീഴടങ്ങാറുമുണ്ട്. എന്താണ് അസിഡിറ്റി എന്ന് നോക്കാം.

ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളില്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ പ്രാരംഭത്തില്‍ തന്നെ ശ്രദ്ധയും കരുതലും വേണ്ട അസുഖമാണ് ഇത്. നാം കഴിക്കുന്ന ആഹാരത്തെ ദഹിപ്പിക്കാനായി ശരീരം മിതമായ തോതില്‍ ഹൈ ഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ട്.

ഉദരത്തെ ഉപദ്രവിക്കുന്ന തരത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങളുടെ സ്ഥിരമായ ഉപയോഗം മൂലവും മറ്റു പലകാരണങ്ങള്‍ കൊണ്ടും അന്നനാളത്തിലോ ആമാശ യത്തിലോ ചെറുകുടല്‍ തുടങ്ങുന്ന ഭഗത്തോ ദുര്‍ബലതയുണ്ടാകുകയും കാലക്രമേണ അള്‍സറായി മാറുകയും ചെയ്യാം. ആമാശയത്തിലെ ദ്രവങ്ങള്‍, അന്ന നാളത്തിലേക്കരിച്ചുകയറുമ്പോളാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്. നെഞ്ച്, വയര്‍, തൊണ്ട എന്നിവിടങ്ങളില്‍ എരിച്ചില്‍, വായക്ക് കയ്പ്, വയറിന് അസ്വസ്ഥത, ഭക്ഷണശേഷം വയറിന് കനംവെക്കുക, തികട്ടല്‍, ഓക്കാനം, എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. മാനസിക സമ്മര്‍ദം, H. Pylori അണുബാധ പുകവലി, മദ്യപാനം ക്രമരഹിത ഭക്ഷണം- (ഒരുനേരം കഴിക്കാതെ അടുത്ത സമയം അമിതമായി കഴിക്കുക) ദഹന പ്രശ്നങ്ങള്‍ ചില മരുന്നുകള്‍ എന്നിവയാണ് പ്രധാനമായും അസഡിറ്റിക്ക് കാരണമാകുന്നത്.

ജീവിത രീതിയില്‍ ഏതാനും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയും. ഭക്ഷണം നന്നായി ചവച്ചരച്ച് സാവധാനം കഴിക്കുക. എരിവ്, പുളി, ചായ, കാപ്പി എന്നിവ ഭക്ഷണത്തില്‍ കുറക്കുക, സോഡ ചേര്‍ത്ത് നിര്‍മ്മിക്കുന്ന പാനീയങ്ങള്‍ ഒഴിവാക്കുക. ഒരു നേരം ഒരുമിച്ച് കഴിക്കാതെ ഭക്ഷണം പലതവണയായി അല്‍പ്പാല്‍പ്പം കഴിക്കുക. കിടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് എങ്കിലും ഭക്ഷണം കഴിക്കുകയും ചെറിയ രീതിയിലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക, പച്ചക്കറികളും, പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, റംസാന്‍ മാസത്തില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ നിയന്ത്രിക്കുക. വളരെ എരിവേറിയ ഭക്ഷണം കഴിക്കാതിരിക്കുക, മദ്യപാനം നിയന്ത്രിക്കുകയും പുകവലി ഒഴിവാക്കുകയും ചെയ്യുക. മാനസിക സമ്മര്‍ദം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ ഒരു പരിധിവരെ ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.