ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച്, സിഇസിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നല്‍കി. ലോകസഭയില്‍ 130 ഉം രാജ്യസഭയില്‍ 63 ഉം അംഗങ്ങള്‍ ഒപ്പിട്ട നോട്ടീസാണ് സമര്‍പ്പിച്ചത്.
ബിഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് വോട്ടര്‍മാരെ എസ്‌ഐആറില്‍ നിന്ന് ആസൂത്രിതമായി ഒഴിവാക്കിയെന്നും ഇത് ഭരണകക്ഷിയെ സഹായിക്കാനാണെന്നും പ്രതിപക്ഷം ആരോപിച്ചു. വോട്ടര്‍ പട്ടിക പരിഷ്‌കരണം ‘പിന്‍വാതില്‍ വഴിയുള്ള എന്‍ആര്‍സി’ ആണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിലപാട്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതായും അന്വേഷണങ്ങള്‍ തടസ്സപ്പെടുത്തിയതായും നോട്ടീസില്‍ പറയുന്നു. സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് സമാനമായ സങ്കീര്‍ണ്ണമായ ‘ഇംപീച്ച്മെന്റ്’ നടപടിക്രമങ്ങളിലൂടെ മാത്രമേ സിഇസിയെ നീക്കം ചെയ്യാനാകൂ. നോട്ടീസ് അംഗീകരിക്കപ്പെട്ടാല്‍ പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം നടത്തേണ്ടി വരും. കേന്ദ്ര സര്‍ക്കാര്‍ നോട്ടീസില്‍ സ്വീകരിക്കുന്ന നിലപാട് ജനാധിപത്യ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.