Culture

2 കോടി തന്നാല്‍ കേസെടുക്കില്ല; മൂന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

By chandrika

August 21, 2019

ന്യൂഡല്‍ഹി: രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി. തീവ്രവാദപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ പേര് ഉള്‍പ്പെടുത്താതിരിക്കാനാണ് ഇവര്‍ വ്യവസായിയോട് രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടത്. സംഭവം പുറത്തറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി എന്‍.ഐ.എ രംഗത്തെത്തി.

ഡല്‍ഹിയിലുള്ള വ്യവസായിയാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താനാണ് എന്‍.ഐ.എ തീരുമാനം. പരാതി ലഭിച്ചതായും മൂന്ന് പേരെ സ്ഥലം മാറ്റിയതായും എന്‍.ഐ.എ വക്താവ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. നടപടി നേരിട്ടവരില്‍ ഒരാള്‍ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ജൂനിയര്‍ റാങ്കിലുള്ളവരാണ് മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍.

പാക് ഭീകര സംഘടനയായ ലഷ്‌കര്‍ഇതൊയ്ബ തലവനായ ഹാഫിസ് സയീദ് നടത്തിയിരുന്ന ഫലാഹ്ഇഇന്‍സാനിയത്ത് എന്ന ഫൗണ്ടേഷനുമായി ബന്ധപ്പെട്ട കേസായിരുന്നു ഇവര്‍ അന്വേഷിച്ചിരുന്നത്. വ്യവസായിയുടെ ഡല്‍ഹിയിലെ വസതിയില്‍ എന്‍.ഐ.എ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് കേസില്‍ പേര് ഉള്‍പ്പെടുത്താതിരിക്കാനായി ഇവര്‍ വ്യവസായിയോട് കൈക്കൂലി ആവശ്യപ്പെട്ടത്.