തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും നോട്ടീസ് അയച്ച് കോടതി. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ യദു പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് നടപടി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. കേസില്‍ വിശദീകരണം നല്‍കാനാണ് കോടതി നോട്ടീസ് അയച്ചത്.
നേരത്തെ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയേയും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് കേസില്‍ പ്രതി. മേയറും എംഎല്‍എയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.
2024 ഏപ്രിലില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം പട്ടം പ്ലാമൂടുവെച്ച് മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കാത്തതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. മേയര്‍ക്കൊപ്പം ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും വാഹനത്തിലുണ്ടായിരുന്നു.
അന്നുരാത്രിതന്നെ മേയര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. മേയര്‍ക്കും എംഎല്‍എ സച്ചിന്‍ദേവിനുമെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതിനും കേസുണ്ട്. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.