സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. വിന്‍സി പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് ‘അമ്മ’ പറഞ്ഞു. ‘വിന്‍സി ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയിട്ടും സിനിമാ സംഘടനകളുടെ നിഷേധാത്മക നിലപാടിനെതിരെ നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം ഏത് നടനില്‍നിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് വിന്‍സി പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും പേര് വെളിപ്പെടുത്തിയാല്‍ നടപടിയെടുക്കുമെന്നും ‘അമ്മ’ അറിയിച്ചു. ‘അമ്മ’യ്ക്ക് ഇത്തരം കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ സാധിക്കില്ലെന്നും രഹസ്യമായി പേര് അറിയിച്ചാല്‍ ശിക്ഷാ നടപടികളുമായി മുന്നോട്ടുപോവുമെന്നും ‘അമ്മ’ പറഞ്ഞു.
അതേസമയം വിന്‍സി സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു ‘അമ്മ’ നേരത്തെ എടുത്ത നിലപാട്. രേഖാമൂലം വിന്‍സി പരാതി നല്‍കിയിട്ടില്ലെന്ന് ഫെഫ്കയും വ്യക്തമാക്കിയിരുന്നു. അതേസമയം, വിന്‍സി നിയമനടപടിയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കുമെന്ന് ഡബ്യൂസിസി അറിയിച്ചിരുന്നു.
കൂടെ അഭിനയിച്ച സിനിമയിലെ നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്നായിരുന്നു നടി വിന്‍സിയുടെ വെളിപ്പെടുത്തല്‍. ലഹരി ഉപയോഗിച്ച നടന്‍ തന്നോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറിയെന്നും സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടുന്നതു കണ്ടതുകൊണ്ടുമാത്രമാണ് സെറ്റില്‍ തുടര്‍ന്നതെന്നും വിന്‍സി പറഞ്ഞിരുന്നു.
ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും വിന്‍സി അറിയിച്ചിരുന്നു.