കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന് അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്കി. ‘ ഓപ്പറേഷന് നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.