film

നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

By webdesk17

November 10, 2024

പ്രശസ്ത തമിഴ് നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

നാനൂറിലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, തുടങ്ങിയ മലയാള സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലാണ് ഡല്‍ഹി ഗണേഷ് അഭിനയിച്ചിട്ടുള്ളത്. അവ്വൈ ഷണ്മുഖി, നായകന്‍, സത്യാ, മൈക്കല്‍ മദന കാമ രാജന്‍, സാമി, അയന്‍ തുടങ്ങി നിരവധി തമിഴ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

1976ല്‍ കെ ബാലചന്ദ്രന്റെ പട്ടണ പ്രവേശം എന്ന സിനിമയിലൂടെയാണ് ഡല്‍ഹി ഗണേഷ് സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത്. 1964 മുതല്‍ 1974 വരെ അദ്ദേഹം ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1979ല്‍ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. രജനികാന്ത്, കമല്‍ഹാസന്‍, വിജയകാന്ത് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഡല്‍ഹി ഗണേഷ്.