എറണാംകുളം: നടന്‍ കുഞ്ചാക്കോ ബോബനെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ഒക്ടോബര്‍ അഞ്ചാം തീയതി രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് സംഭവം. ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന കുഞ്ചാക്കോ ബോബനെതിരെ യുവാവ് വധശ്രമം നടത്തുകയായിരുന്നു.

പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു കണ്ണൂരിലേക്ക് പോകാന്‍ നില്‍ക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോ ബോബന്റെ അടുത്ത് എത്തിയ യുവാവ് അദ്ദേഹത്തിനോട് അപമര്യാദയായി സംസാരിക്കുകയും വാളോങ്ങി വധഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. ഇത് പ്രമുഖമാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവാവിനെ ഇന്നലെ റെയില്‍വേ പൊലീസ് പിടി കൂടി. ഇയാളെ ചോദ്യം ചെയ്തു വരുന്നു.

ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് മറ്റു യാത്രക്കാര്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ യുവാവ് ഓടി രക്ഷപ്പെട്ടു. യാത്ര തുടര്‍ന്ന കുഞ്ചാക്കോ ബോബന്‍ കണ്ണൂരില്‍ എത്തിയ ശേഷം പാലക്കാട് റെയില്‍വേ ഡിവിഷനില്‍ പൊലീസിനു പരാതി നല്‍കി. ഇത് പ്രകാരം റെയില്‍വേ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഭീഷണി മുഴക്കിയ യുവാവിനെ കണ്ടെത്തുകയും ചെയ്തു.