kerala

നടി ആക്രമിക്കപ്പെട്ട കേസ്; വിധിക്കെതിരെ അപ്പീല്‍ വന്നാല്‍ പറയാന്‍ കാര്യങ്ങള്‍ ഉണ്ടെന്ന് നടന്‍ ലാല്‍

By webdesk18

December 09, 2025

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ കോടതിവിധിയെ തുടര്‍ന്ന് പ്രതികരണങ്ങള്‍ തുടരുന്നു. വിധിക്കെതിരെ മേല്‍ക്കോടതിയിലേക്ക് പോകുന്ന സാഹചര്യമുണ്ടായാല്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയാന്‍ തയാറാണെന്ന് നടന്‍ ലാല്‍ വ്യക്തമാക്കി.

വിധി എന്തുകൊണ്ട് ഇങ്ങനെ വന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും, കോടതി പറഞ്ഞത് ‘കുറ്റക്കാരനല്ല’ എന്നാണോ ‘തെളിവുകള്‍ പോരാ’ എന്നാണോ എന്നതും വ്യക്തമല്ലെന്നും ലാല്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ തനിക്കുള്ള അറിവ് പരിമിതമാണെന്നും, പൂര്‍ണമായി അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പെണ്‍കുട്ടി വീട്ടില്‍ വന്നപ്പോള്‍ പി.ടി തോമസ് അല്ല, ലോക് നാഥ് ബെഹ്‌റയെ വിളിച്ചത് താനാണ്. അതിനുശേഷമാണ് പി.ടി തോമസ് വരുന്നത്. മാര്‍ട്ടിനെ സംശയം ഉണ്ടെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ലാല്‍ പറഞ്ഞു. അതിജീവിത പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ പ്രതികളെ ‘കൊന്നുകളയണം’ എന്നാണ് തനിക്കുണ്ടായ വികാരം. കുറ്റക്കാരായ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.