നടന്‍ മണിയന്‍പിള്ള രാജു പ്രതിയായ വാഹനാപകട കേസില്‍ മ്യൂസിയം പൊലീസ് ഭാഗത്ത് നിന്നും വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് മ്യൂസിയം സ്റ്റേഷന്‍ എസ്എച്ച്ഒ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവം നടന്ന രാത്രി തന്നെ മണിയന്‍പിള്ള രാജുവിനെ അന്വേഷിച്ച് പൊലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നുവെന്നും ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ മണിയന്‍പിള്ള രാജുവിന്റെ ഭാഗത്ത് നിന്ന് പൊലീസിനെ ബന്ധപ്പെടാനുള്ള ശ്രമം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ, മ്യൂസിയം പൊലീസ് സ്റ്റേഷന്റെ കോള്‍ റെക്കോര്‍ഡുകളും മണിയന്‍പിള്ള രാജുവിന്റെ മൊഴിയും വിശദമായി പരിശോധിക്കാനാണ് അന്വേഷണ ചുമതലയുള്ള ഡി.സി.പി തീരുമാനിച്ചിരിക്കുന്നത്. മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നോയെന്ന് കണ്ടെത്തുന്നതിനായുള്ള രാസ പരിശോധനയുടെ ഫലം നാളെ രാവിലെയോടെ ലഭിക്കുമെന്നാണ് വിവരം.
അതേസമയം, ഇന്നലെ മോട്ടോര്‍ വാഹന വകുപ്പിലെ (MVD) ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അപകടത്തില്‍പ്പെട്ട വോള്‍വോ കാറിന് സാങ്കേതിക തകരാറുകളൊന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ അടുത്ത ദിവസം തന്നെ വാഹനത്തെ മണിയന്‍പിള്ള രാജുവിന് കൈമാറും.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തുമണിയോടെ വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് പുറത്ത് വരുന്നതിനിടെ മണിയന്‍പിള്ള രാജു ഓടിച്ച വോള്‍വോ കാറില്‍ ഒരു ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കില്‍ സഞ്ചരിച്ച യുവാക്കള്‍ക്ക് പരുക്കേറ്റു. വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് മണിയന്‍പിള്ള രാജുവിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.