kerala

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് തലസ്ഥാനം

By sreenitha

December 31, 2025

തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് (90) അന്ത്യാഞ്ജലി അർപ്പിച്ച് തലസ്ഥാനം. മുടവൻമുകളിലെ ‘ഹിൽവ്യൂ’ വീട്ടിൽ ബുധനാഴ്ച രാവിലെ എത്തിച്ച മൃതദേഹം കാണാനും ആദരാഞ്ജലി അർപ്പിക്കാനുമായി രാവിലെ മുതൽ തന്നെ വൻ തിരക്കായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ശാന്തകുമാരി മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിൽവെച്ച് അന്തരിച്ചത്.

കല, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. അമ്മയുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ ദുഃഖം ഉള്ളിലൊതുക്കി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നിൽക്കുന്ന ദൃശ്യങ്ങൾ ഏവരെയും വേദനിപ്പിച്ചു. അന്ത്യകർമങ്ങളിൽ അദ്ദേഹം പങ്കെടുത്തു. മൃതദേഹം എത്തിച്ചതിന് പിന്നാലെ ഭാര്യ സുചിത്രയും മകൾ വിസ്മയയും എത്തി. രാവിലെ 11 മണിയോടെയാണ് മകനും നടനുമായ പ്രണവ് മോഹൻലാൽ എത്തിയത്.

രാവിലെ മുതൽ പൂജപ്പുര–മുടവൻമുകൾ റോഡിലും പരിസരങ്ങളിലും ഗതാഗതത്തിരക്കുണ്ടായി. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി (ഭാര്യ രാധികയോടൊപ്പം), മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണ ജോർജ്, വി. അബ്ദുറഹ്മാൻ, സജി ചെറിയാൻ, ആർ. ബിന്ദു, രാമചന്ദ്രൻ കടന്നപ്പള്ളി, ജി.ആർ. അനിൽ, ഡി.ജി.പി റവഡ ചന്ദ്രശേഖർ, നടൻ ജയറാം (മക്കളായ കാളിദാസ്, മാളവികയോടൊപ്പം), എം.പിമാരായ എ.എ. റഹീം, കെ. സുധാകരൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, ഗോകുലം ഗോപാലൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.

സംവിധായകരായ പ്രിയദർശൻ, ബി. ഉണ്ണികൃഷ്ണൻ, രഞ്ജിത്, രാജസേനൻ, സുരേഷ് ബാബു, ഗായകൻ എം.ജി. ശ്രീകുമാർ, മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, എം.എൽ.എമാരായ ആന്റണി രാജു, വി.എസ്. പ്രശാന്ത്, അഭിനേതാക്കളായ ജഗദീഷ്, മേജർ രവി, കാർത്തിക, ഗോകുൽ സുരേഷ്, മേനക സുരേഷ്, മല്ലിക സുകുമാരൻ, നഗരസഭാംഗങ്ങളായ ആർ. ശ്രീലേഖ, കെ.എസ്. ശബരീനാഥൻ എന്നിവരും അന്ത്യോപചാരം അർപ്പിച്ചു.

ഉച്ചയ്ക്ക് മൂന്ന് മണിയോടെ മോഹൻലാലും ബന്ധുക്കളും ചേർന്ന് അന്ത്യകർമങ്ങൾ നിർവഹിച്ചു. നാല് മണിയോടെ സംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹം പുറത്തേക്കെടുത്തപ്പോൾ ശവമഞ്ചത്തിന്റെ വലത് വശത്ത് മോഹൻലാലും ഇടത് വശത്ത് പ്രണവും ചുമന്നു. വീടിന് പിന്നിൽ ഒരുക്കിയ ചിതയ്ക്ക് മോഹൻലാൽ തീ കൊളുത്തി.