crime

നടന്‍ പ്രകാശ് രാജിന് വധഭീഷണി; ഹിന്ദുത്വ അനുകൂല യൂട്യൂബ് ചാനലിനെതിരെ പൊലീസ് കേസെടുത്തു

By webdesk13

September 22, 2023

ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കി നടന്‍ പ്രകാശ് രാജ്. സനാതന ധര്‍മ്മത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിനു പിന്നാലെ തന്റെ ജീവനും കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയുണ്ടെന്ന് ആരോപിച്ച് ഹിന്ദുത്വ അനുകൂല യൂട്യൂബ് ചാനലിനെതിരെയാണ് പ്രകാശ് രാജ് നിയമനടപടിയ്ക്കൊരുങ്ങുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ അശോക്നഗര്‍ പൊലീസ് ഹിന്ദുത്വ അനുകൂല യുട്യൂബ് ചാനലായ വിക്രം ടിവിയ്ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. തന്റെ ജീവന് നേരിട്ട് ഭീഷണിയാകുന്ന പ്രകോപനപരമായ പ്രസംഗങ്ങള്‍ അടങ്ങിയ വീഡിയോ വിക്രം ടിവി യുട്യൂബില്‍ പോസ്റ്റ് ചെയ്തതായി പരാതിയില്‍ നടന്‍ ആരോപിച്ചു.

തന്നെയും കുടുംബാംഗങ്ങളെയും മോശമായി ചിത്രീകരിച്ച് തങ്ങള്‍ക്കെതിരെ തിരിയാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതാണ് വീഡിയോയെന്ന് പ്രകാശ് രാജ് പരാതിയില്‍ പറഞ്ഞു. യൂട്യൂബ് ചാനല്‍ ഉടമയ്ക്കെതിരെയും ബന്ധപ്പെട്ട മറ്റ് വ്യക്തികള്‍ക്കെതിരെയും ഉചിതമായ നടപടി എടുക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു.