kerala

നടന്‍ രവികുമാര്‍ അന്തരിച്ചു

By webdesk18

April 04, 2025

മുതിര്‍ന്ന ചലച്ചിത്രനടന്‍ രവികുമാര്‍ അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂര്‍ സ്വദേശിയാണ് രവികുമാര്‍. നൂറിലേറെ മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

1970, 80 കാലഘട്ടത്തില്‍ നായക, വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്താണ് രവികുമാര്‍ ശ്രദ്ധേയനാകുന്നത്. മധുവിനെ നായകനാക്കി എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്റെ മികവ് തെളിയിച്ചു. അലാവുദ്ദീനും അത്ഭുതവിളക്കും ,നീലത്താമര, അവളുടെ രാവുകള്‍ , അങ്ങാടി , സ്‌ഫോടനം, ടൈഗര്‍ സലീം, അമര്‍ഷം , ലിസ , മദ്രാസിലെ മോന്‍ , കൊടുങ്കാറ്റ്, സൈന്യം, കള്ളനും പൊലീസും തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 1970 കളിലും 80 കളിലും നായക, വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്താണ് രവികുമാര്‍ ശ്രദ്ധേയനാകുന്നത്.

തിരുവനന്തപുരത്തെ രണ്ടാമത്തെ സ്റ്റുഡിയോയായ ശ്രീകൃഷ്ണ സ്റ്റുഡിയോയുടെ ഉടമ ആയിരുന്ന കെ.എം.കെ. മേനോന്റെ മകനാണ് രവികുമാര്‍. നടിയും ദിവ്യ ദര്‍ശനം ഉള്‍പ്പടെ നിരവധി ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു അമ്മ ഭാരതി.