ജോധ്പൂര്‍: മാന്‍വേട്ട കേസില്‍ ജോധ്പൂര്‍ കോടതിയിലെത്തിയ ബോളിവുഡ് താരം സൈഫ് അലി ഖാന്‍ കാര്‍ ഡ്രൈവറോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോടതി വിധി വന്നശേഷം പുറത്തിറങ്ങിയ സൈഫ് വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കാതെ കാറില്‍ കയറുകയായിരുന്നു. ഈ സമയത്താണ് ഡ്രൈവറോട് ദേഷ്യപ്പെട്ടത്.

സൈഫിനെ കണ്ട മാധ്യമപ്രവര്‍ത്തകര്‍ താരത്തെ വളഞ്ഞെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. ധൃതിപ്പെട്ട് കാറില്‍ കയറിയെങ്കിലും കാറെടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഡ്രൈവറെ ശകാരിക്കുകയായിരുന്നു. ഗ്ലാസ് കയറ്റി കാര്‍ വേഗമെടുത്തില്ലെങ്കില്‍ ചെകിടത്തടിക്കുമെന്നായിരുന്നു ഭീഷണി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്താവുകയായിരുന്നു.

കേസില്‍ സല്‍മാന്‍ഖാന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. രണ്ട് വ്യത്യസ്ഥ കേസുകളിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി പുറത്തുവന്നിരിക്കുന്നത്. കേസില്‍ സല്‍മാന് ഇന്ന് തന്നെ ജാമ്യം ലഭിക്കും. തടവുശിക്ഷ മൂന്ന് വര്‍ഷത്തില്‍ കുറവായതിനാലാണിത്.

ബോളിവുഡ് താരങ്ങളായ സൈഫുലിഖാന്‍, തബു, സൊനാലി ബെന്ദ്രെ, നീലം എന്നിവരെ കോടതി വെറുതെ വിട്ടു. കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് സല്‍മാന്‍ കോടതിയില്‍അഭ്യര്‍ത്ഥിച്ചിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത കോടതി സല്‍മാന്റെ ശിക്ഷ രണ്ട് വര്‍ഷമായി ചുരുക്കുകയായിരുന്നു.

1998 സെപ്റ്റംബര്‍ 26ന് ജോദ്പൂരിലെ ഭവാദില്‍ വച്ചും 28ന് ഗോദാഫാമില്‍ വച്ചുമാണ് സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ഹം സാഥ് സാഥ് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. കേസിലെ അവസാനവിധി വരാനിരിക്കെ കേസില്‍ കുറ്റക്കാരായ ബോളിവുഡ് താരങ്ങള്‍ ഇന്നലെ തന്നെ ജോധ്പൂരിലെത്തിയിരുന്നു.