kerala

നടന്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനായി ഹാജരായി

By webdesk17

April 19, 2025

ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നില്‍ ഹാജരായി. 10:30ന് എത്താനാണ് പറഞ്ഞിരുന്നെങ്കിലും അരമണിക്കൂര്‍ നേരത്തെയാണ് ഷൈന്‍ എത്തിയത്. രാവിലെ 10.30 ന് ഹാജരാകാനായിരുന്നു ഷൈനിന് പൊലീസ് നോട്ടീസ് നല്‍കിയത്. യാത്രയില്‍ ആയതിനാല്‍ വൈകിട്ട് 3.30 ന് ഷൈന്‍ ഹാജരാവുമെന്നായിരുന്നു പിതാവ് കഴിഞ്ഞ ദിവസം അറിയിച്ചതെങ്കിലും 10.30 ന് തന്നെ എത്തുമെന്ന് പൊലീസ് പിന്നീട് അറിയിക്കുകയായിരുന്നു.

നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. അതേസമയം ഷൈനിനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല. ഉടന്‍ പൊലീസ് ചോദ്യം ചെയ്യല്‍ ആരംഭിക്കും.

32 ചോദ്യങ്ങളാണ് ഷൈനിനോട് ചോദിക്കാനായി പൊലീസ് തയ്യാറാക്കിയിട്ടുള്ളത്. ഷൈന്‍ താമസിച്ച വിവിധ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും ഷൈനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക.

ഹോട്ടലുകളില്‍ ആരൊക്കെ സന്ദര്‍ശിച്ചു, ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടിരക്ഷപ്പെട്ടതെന്തിന്, ലഹരി ഇടപാടോ സാമ്പത്തിക ഇടപാടോ നടന്നിട്ടുണ്ടോ എന്നത് അടക്കമുള്ള 32 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയാണ് പൊലീസ് തയ്യാറാക്കിയത്.