Culture

വ്യാജപ്രചരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി വിനീത് ശ്രീനിവാസന്‍

By chandrika

October 26, 2018

തലശേരി: തന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ പ്രതികരണവുമായി നടന്‍ വിനീത് ശ്രീനിവാസന്‍ രംഗത്ത്. തന്റെ അച്ഛന്‍ കമ്മ്യൂണിസ്റ്റ് ആകരുതെന്ന് ഒരിക്കലും തന്നോട് പറഞ്ഞിട്ടില്ലെന്നും അത്തരത്തില്‍ പ്രചരിക്കുന്നത് 100 ശതമാനവും അസത്യമാണെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ഫേക്ബുക്ക് കുറിപ്പിലാണ് താരത്തിന്റെ പ്രതികരണം.

”അച്ഛന്‍ എനിക്ക് ആദ്യം നല്‍കിയ ഉപദേശം കമ്മ്യൂണിസ്റ്റ് ആയി ജീവിക്കാനാണ്. പിന്നീട് കാലം മാറിയപ്പോള്‍ അച്ഛന്‍ പറഞ്ഞു കമ്മ്യൂണിസ്റ്റ് ആകരുതെന്ന്. അത് അച്ഛന് പറ്റിയ ഏറ്റവും വലിയ തെറ്റാണെന്ന്” എന്ന് വിനീത് പറഞ്ഞതായാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ”കമ്മ്യൂണിസം ഇന്ന് പാവങ്ങളെ പറ്റിച്ച് ചിലര്‍ക്ക് ജീവിക്കാനുള്ള ചൂണ്ട മാത്രമാണ്. പാവങ്ങള്‍ അതില്‍ കൊത്തി അതില്‍ കുരുങ്ങുന്നു. നേതാക്കള്‍ അത് ആഹാരമാക്കുന്നു” എന്നാണ് ശ്രീനിവാസന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍.

പോസ്റ്ററുകളെക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴാണ് വിനീത് വിശദീകരണവുമായെത്തിയത്. ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് കാണിച്ച് അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.