ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തെതുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തെന്നിന്ത്യന്‍ നടന്‍ വിശാല്‍. സ്വതന്ത്രനായാണ് മത്സരിക്കുക. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്നത് സംബന്ധിച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിശാല്‍ തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറഞ്ഞു. അഴിമതിക്കും രാഷ്ട്രീയ ദുര്‍നടപ്പിനുമെതിരെ തുറന്ന വിമര്‍ശനങ്ങളുമായി വിശാല്‍ നേരത്തെ തന്നെ മാധ്യമ ശ്രദ്ധേ നേടിയിരുന്നു. വിജയ് ചിത്രമായ മെര്‍സലിനെതിരെ ഉയര്‍ന്ന വിവമാദങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് എച്ച് രാജക്കെതിരെ അദ്ദേഹം ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ. നഗര്‍ നിയമസഭാ മണ്ഡലത്തിലേയ്ക്ക് ഡിസംബര്‍ പതിനേഴിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എ.ഐ.എ.ഡി.എം.കെ പ്രിസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനനാണ് ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥി. മുരുഡു ഗണേഷാണ് ഡി.എം.കെയുടെ സ്ഥാനാര്‍ഥി.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച ജയലളിത പിന്നീട് ജയില്‍മോചിതയായശേഷം ആര്‍.കെ.മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷം വോട്ടിന്റെ പടുകൂറ്റന്‍ ഭൂരിപക്ഷത്തിനാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയായത്.