Celebrity

കോളേജ് വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ പെരുമാറ്റത്തില്‍ പ്രതികരിച്ച് നടി അപര്‍ണ ബാലമുരളി

By webdesk13

January 22, 2023

കൊച്ചി; എറണാകുളം ലോ കോളജിലുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി. കോളേജ് വിദ്യാര്‍ത്ഥിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. സംഭവത്തില്‍ കോളേജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്ന് താരം പറഞ്ഞു. പുതിയ ചിത്രം തങ്കത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.

ഒട്ടും പ്രതീക്ഷിക്കാത്തതാണ് അവിടെ നടന്നത്. ലോ കോളജില്‍ അങ്ങനെ സംഭവിക്കരുതായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് കോളജിന് അറിയാം, അതുപോലെ തന്നെ അവര്‍ ചെയ്തിട്ടുമുണ്ട്. അവിടുത്തെ എല്ലാ കുട്ടികളും സംഭവത്തില്‍ മാപ്പ് പറഞ്ഞു. കോളജിനെ ഞാന്‍ ബഹുമാനിക്കുന്നു. അപര്‍ണ പറഞ്ഞു.

എറണാകുളം ലോ കോളജില്‍ യൂണിയന്‍ പരിപാടിക്ക് എത്തിയപ്പോഴാണ് ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് അപര്‍ണയ്ക്ക് മോശം അനുഭവമുണ്ടായത്. പൂ കൊടുക്കാനായി സ്‌റ്റേജില്‍ എത്തിയ വിദ്യാര്‍ത്ഥി കയ്യില്‍ കയറി പിടിക്കുകയും തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയുമായിരുന്നു. താരം അതൃപ്തി പ്രകടമാക്കിയതോടെ വിദ്യാര്‍ത്ഥി ക്ഷമാപണം നടത്തി. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയായിരുന്നു. പിന്നാലെ വിദ്യാര്‍ത്ഥിയെ കോളജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.