കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അതിജീവിതയെ നടൻ ദിലീപ് ഭീഷണിപ്പെടുത്തിയെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്നും, സിനിമാ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ യാതൊരു തെളിവുകളും ഇല്ലെന്നുമാണ് വിധിയിൽ വ്യക്തമാക്കുന്നത്.
അവസരങ്ങൾ നിഷേധിച്ചതായി വ്യക്തമാക്കുന്ന പ്രത്യേക സംഭവങ്ങൾ ചൂണ്ടിക്കാണിക്കാൻ അതിജീവിതയ്ക്ക് സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. മലയാള സിനിമയിൽ നിന്ന് തന്നെ പുറത്താക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിന് കൃത്യമായ സാക്ഷിമൊഴികളോ രേഖാപരമായ തെളിവുകളോ ഇല്ലെന്നും വിധിന്യായം പറയുന്നു. വർഷം രണ്ടോ മൂന്നോ സിനിമകളിൽ മാത്രമാണ് താൻ അഭിനയിച്ചിരുന്നതെന്ന് അതിജീവിത തന്നെ മൊഴി നൽകിയ സാഹചര്യത്തിൽ, അവസരങ്ങൾ തടഞ്ഞുവെന്ന ആരോപണം വിശ്വാസയോഗ്യമല്ലെന്നും കോടതി വിലയിരുത്തി.
ദിലീപ് ഭീഷണിപ്പെടുത്തിയെന്ന മൊഴിയെയും കോടതി സംശയത്തോടെ സമീപിച്ചു. കാവ്യയുമായുള്ള ബന്ധം സംബന്ധിച്ച വിവരം മഞ്ജു വാര്യരോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടുവെന്നും പിന്നീട് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു അതിജീവിതയുടെ മൊഴി. എന്നാൽ ഈ ആരോപണം ശരിവെക്കുന്ന സാക്ഷികളോ, സംഭവം നടന്നതായി മറ്റാരോടും പറഞ്ഞതായി തെളിവുകളോ ഇല്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, കേസിൽ അതിവേഗ അപ്പീൽ നടപടികളുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. അപ്പീൽ നൽകുന്നതിന് ശുപാർശ ചെയ്ത് സ്പെഷ്യൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
ഇതിനിടെ, കോടതി വിധിയിൽ പ്രതികരിച്ച് അതിജീവിത ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ രംഗത്തെത്തി. വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാമെങ്കിലും തനിക്ക് അതിൽ അത്ഭുതമില്ലെന്നായിരുന്നു പ്രതികരണം. തന്റെ വേദനകളെ നുണയെന്നും കേസ് കെട്ടിച്ചമച്ച കഥയെന്നുമാക്കി പരിഹസിച്ചവർക്കായാണ് ഈ വിധി സമർപ്പിക്കുന്നതെന്നും അവർ കുറിച്ചു.
പ്രസ്തുത ജഡ്ജിയിൽ നിന്ന് കേസ് മാറ്റണമെന്നാവശ്യപ്പെട്ട എല്ലാ ഹരജികളും നിഷേധിക്കപ്പെട്ടതായും, 2020ന്റെ അവസാനത്തോടെ തന്നെ ചില അന്യായങ്ങൾ ബോധ്യപ്പെട്ടിരുന്നുവെന്നും അതിജീവിത വ്യക്തമാക്കി. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് കേസ് അടുക്കുമ്പോൾ മാത്രം കോടതി സമീപനത്തിൽ മാറ്റം സംഭവിക്കുന്നതായി പ്രോസിക്യൂഷനും മനസിലായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി തന്റെ പേഴ്സനൽ ഡ്രൈവറായിരുന്നുവെന്ന പ്രചാരണം ശുദ്ധനുണയാണെന്നും അതിജീവിത വ്യക്തമാക്കി. സുനി തന്റെ ഡ്രൈവറോ ജീവനക്കാരനോ പരിചയക്കാരനോ ആയിരുന്നില്ല; 2016ൽ താൻ അഭിനയിച്ച ഒരു സിനിമയ്ക്കായി പ്രൊഡക്ഷൻ നിയോഗിച്ച വ്യക്തി മാത്രമാണെന്നും അവർ പറഞ്ഞു.
നിയമത്തിന്റെ മുമ്പിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ലെന്ന തിരിച്ചറിവിലേക്കാണ് നിരന്തരമായ വേദനകളും മാനസിക സംഘർഷങ്ങളും തന്നെ എത്തിച്ചതെന്നും, തന്നെ അധിക്ഷേപിക്കുന്ന നുണക്കഥകൾ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുകയാണെന്നും അതിജീവിത കുറിച്ചു. പോരാട്ടത്തിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.