കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി. വിചാരണ സമയത്ത് പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയിട്ടുള്ളതെന്നും അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നും കോടതി വിമര്‍ശിച്ചു. ആ സമയങ്ങളില്‍ ഉറങ്ങുകയാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളതെന്നും കോടതി കുറ്റപ്പെടുത്തി.
കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം. അതേസമയം അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അപ്പീലിനായി സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. വിചാരണ കോടതിയുടെ വിധി പൂര്‍ണമായും അംഗീകരിക്കാനാവില്ലെന്നും ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. പ്രതികള്‍ക്ക് ലഭിച്ചത് ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നും ദിലീപിനെതിരെയുള്ള നിര്‍ണായകമായ തെളിവുകള്‍ വിചാരണ കോടതി പരിഗണിക്കാതെ തള്ളിക്കളഞ്ഞത് നിയമപരമായി നിലനില്‍ക്കില്ലെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.