കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് വീണ്ടും വിവാദം രൂക്ഷമാകുന്നു. ഇന്ന് പുലർച്ചെ മദ്യലഹരിയിൽ ഇയാൾ കൈയിലെ ഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനാൽ പാലാരിവട്ടം പോലീസ് മണികണ്ഡനെ കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ സമീപത്തെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ മുറിച്ചുവെന്നാണ് പോലീസ് വിവരം. തുടർചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് വീട്ടിലേക്ക് വിട്ടു.
കേസിൽ ഡിസംബർ 8-ന് വിധി പറയും എന്ന സാഹചര്യത്തിലാണ് ആത്മഹത്യശ്രമം നടന്നത്. മദ്യപിച്ച് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നയാളാണ് മണികണ്ഠനെന്ന് പൊലീസ് അറിയിച്ചു.
നടിയെ തട്ടിക്കൊണ്ടുപോയി ക്വട്ടേഷൻ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും പീഡിപ്പിക്കുകയും ചെയ്തതാണെന്നതാണ് കേസിലെ ആരോപണം. ഒന്നാം പ്രതി പൾസർ സുനിയും എട്ടാം പ്രതി ദിലീപും ഉൾപ്പെടെ ഒമ്പത് പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്.