ആലുവ: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിഞ്ഞ നടന്‍ ദിലീപിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപിന് ജയിലില്‍ അനര്‍ഹമായി സൗകര്യങ്ങള്‍ അനുവദിച്ചുവെന്നാരോപിച്ച് സര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

ചട്ടലംഘനം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജയില്‍ വകുപ്പിന്റെയും റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളിയത്. തൃശൂര്‍ പീച്ചി സ്വദേശിനി എം മനീഷയാണ് ദിലീപിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

നടന്‍ സിദ്ദീഖില്‍ നിന്നു അപേക്ഷ പോലും വാങ്ങാതെയാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാപ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയതെന്നും സന്ദര്‍ശക രേഖയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നടനും എംഎല്‍എയുമായ കെ.ബി ഗണേഷ്‌കുമാര്‍ ജയിലില്‍ എത്തിയതും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. ജയില്‍ ഡിജിപിയുടെ ശുപാര്‍ശ പ്രകാരം ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇവര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.