india

ബി.ജെ.പി നേതൃത്വവുമായി നടി ഖുശ്ബു അകലുന്നു; ഫോൺ സംഭാഷണം പുറത്ത്

By webdesk13

December 31, 2024

ബി.ജെ.പി നേതൃത്വവുമായി നടി ഖുശ്ബു അകലുന്നു. ഇത്, ശരിവെക്കുന്ന തരത്തില്‍ തമിഴ്‌നാട്ടില്‍ ബുശ്ബുവിന്റെ ഫോണ്‍ സംഭാഷണം പ്രചരിക്കുകയാണ്. ബി.ജെ.പി നേതൃത്വത്തെ കുരുക്കിയ ഫോണ്‍ സംഭാഷണം പുറത്തായത് വിവാദമായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ഒരു മാധ്യമസ്ഥാപനമാണ് ഫോണ്‍ സംഭാഷണം പുറത്ത് വിട്ടതെന്നാണ് ആരോപണം.

ഇതോടെ, മാധ്യമ സ്ഥാപനത്തിനെതിരെ നിയമ നടപടിക്കൊരുങ്ങിയിരിക്കുകയാണ് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. തന്റെ അനുമതി ഇല്ലാതെയാണു സംഭാഷണം റിക്കോര്‍ഡ് ചെയ്തതെന്നും മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യത്തകര്‍ച്ചയാണ് ഇതു കാണിക്കുന്നതെന്നും ഖുശ്ബു പറയുന്നു.

തമിഴ് വാര്‍ത്താ ചാനലിലെ മാധ്യമപ്രവര്‍ത്തകനുമായുള്ള ഖുശ്ബുവിന്റെ സംഭാഷണമാണു പുറത്തായത്. ബി.ജെ.പിയുടെ പരിപാടികളില്‍ കാണുന്നില്ലല്ലോയെന്നും എന്തുകൊണ്ടാണു വിട്ടുനില്‍ക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, തന്നെ ക്ഷണിക്കാറില്ലെന്നും ചിലപ്പോള്‍ അവസാന നിമിഷമാണു പറയുകയെന്നും ഖുശ്ബു മറുപടി നല്‍കി.

സംഭാഷണത്തിലെ ശബ്ദം തന്റേതു തന്നെയാണെന്നും എന്നാല്‍ അനുമതിയില്ലാതെയാണു റിക്കോര്‍ഡ് ചെയ്തതെന്നാണ് ഖുശ്ബു പറയുന്നത്. ഇതിനിടെ, ബി.ജെ.പിക്കു വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നാണ് ഖുശ്ബു പറയുന്നത്.

എന്നാല്‍, ഖുശ്ബുവിന്റെ വാക്കുകള്‍ തമിഴ്നാട് ബി.ജെ.പിയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാന നേതൃത്വം എല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് വിമര്‍ശനം. അണ്ണാമലൈ ഇഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തെ കുറിച്ച് കൃത്യമായ വിവരം നല്‍കാതെ മുതിര്‍ന്നവരെ അവഗണിക്കുകയാണെന്നാണ് വിമര്‍ശനം. പലതരത്തിലുള്ള വിഭാഗീയത ബി.ജെ.പിയില്‍ ശക്തമാവുകയാണ്.