ബെംഗളൂരു: കന്നഡ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ലഹരി മരുന്നു കേസില്‍ നടി രാഗിണി ദ്വിവേദി കസ്റ്റഡിയില്‍. വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിന് രാഗിണി ദ്വിവേദി ഇന്ന് ഹാജരാകാനിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

മേജര്‍രവി സംവിധാനം ചെയ്ത മലയാള സിനിമ കാണ്ഡഹാര്‍, വിഎം വിനു സംവിധാനം ചെയ്ത ഫേസ് ടു ഫേസ് എന്നീ സിനിമകളില്‍ ഇവര്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ ഭാഷകളില്‍ മുപ്പതിലേറെ സിനിമകളില്‍ ഇവര്‍ വേഷമിട്ടിട്ടുണ്ട്.

ഹാജരാകാന്‍ രാഗിണി ശനിയാഴ്ചവരെ സമയം ചോദിച്ചെങ്കിലും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നിരസിച്ചിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി സഞ്ജന ഗല്‍റാണിയോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കേസില്‍ അറസ്റ്റിലായ ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണം.

ലഹരി വിവാദവുമായി ബന്ധപ്പെട്ട് രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കറിനെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് ലഹരിമാഫിയയുമായി അടുത്തബന്ധമുള്ളതയാണ്‌ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇയാളെ ക്രൈംബ്രാഞ്ച് അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. കന്നഡ ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായതായി സൂചനയുണ്ട്. സഞ്ജന ഗല്‍റാണിയുടെ സഹായി രാഹുല്‍ ആണ് ഇതെന്നാണ് റിപ്പോര്‍ട്ട്.