മലയാള സിനിമയിലെ പുതിയ മാറ്റങ്ങളില്‍ പ്രതികരണവുമായി നടി സാമന്ത. സിനിമാ മേഖലയിലെ സ്ത്രീകള്‍ ഒരുമിച്ച് നിന്ന് കരുത്ത് ആര്‍ജിക്കുകയാണെന്ന് സാമന്ത പറഞ്ഞു.

ഇത് പരസ്പരം പിന്തുണ നല്‍കുകയും ശാക്തീകരിക്കുകയുമാണ്. അത് തന്റെ സ്വപ്‌നമായിരുന്നു. അത് ചുറ്റിലും യാഥാര്‍ഥ്യമാകുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. ഇന്ന് നായികമാര്‍ക്ക് വളരെയധികം അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. പണ്ടൊന്നും സിനിമാ പ്രൊജക്ടുകളുടെ പേര് പറയുമ്പോള്‍ നടിമാരെ കുറിച്ച് ആരും പരാമര്‍ശിക്കാറില്ലായിരുന്നു. ഇപ്പോള്‍ അതിന് മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ശരിക്കും നടന്‍മാരുടെ പ്രകടനത്തേക്കാള്‍ നടിമാരുടെ പ്രകടനമാണ് താന്‍ ഇപ്പോള്‍ ശ്രദ്ധിക്കാറുള്ളതെന്നും സാമന്ത പറഞ്ഞു.

മലയാളത്തിലെ എല്ലാ നടിമാരെയും തനിക്ക് ഇഷ്ടമാണ്. പാര്‍വതിയെ, സായി പല്ലവിയെ ഒക്കെ ഇഷ്ടമാണ്. ആലിയ ഭട്ട്, ദീപിക പദുകോണ്‍, കങ്കണ റണാവത്ത് തുടങ്ങിയവരെയും ഇഷ്ടമാണെന്ന് സാമന്ത പറഞ്ഞു. സ്ത്രീകള്‍ സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന കാലത്ത് സിനിമകളുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നും സാമന്ത പറഞ്ഞു.

96 എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ജാനുവാണ് സാമന്തയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അടുത്തതായി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സാമന്ത അഭിനയിക്കുന്നത്. നയന്‍താരയും വിജയ് സേതുപതിയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.