സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് മലയാളി നടി ആത്മഹത്യക്ക് ശ്രമിച്ചു. സീരിയലുകളിലൂടെ ശ്രദ്ധേയയായ ആതിര സന്തോഷ് എന്ന അതിഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആതിര ആത്മഹത്യക്ക് ശ്രമിച്ച വിവരം വാട്ട്‌സ്അപ്പിലൂടെ പ്രചരിച്ചിരുന്നെങ്കിലും ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടിയുടെ വീഡിയോ ഒരു ചാനല്‍ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

നെടുനാള്‍ വാടെ എന്ന തമിഴ് സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയായിരുന്നു അതിഥി. നവാഗതനായ സെല്‍വകണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ലൊക്കേഷനില്‍ നിന്ന് അതിഥിക്ക് മോശമായ അനുഭവങ്ങളാണ് ഉണ്ടായത്. ലൈംഗികമായും മാനസികമായും സംവിധായകന്‍ സെല്‍വ കണ്ണന്‍ പീഡിപ്പിക്കുകയായിരുന്നു. ഇതു പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി വീഡിയോയില്‍ പറയുന്നുണ്ട്. സംവിധായകനെതിരെ നടികര്‍ സംഘം, സംവിധായകരുടെ സംഘം എന്നിവര്‍ക്ക് പരാതിയും നല്‍കി.

എന്നാല്‍ നടിയുടെ ആരോപണങ്ങള്‍ സംവിധായകന്‍ നിഷേധിച്ചു. അതിഥി പറയുന്നത് സത്യമല്ലെന്നും സത്യാവസ്ഥ ഉടന്‍ പുറത്തുവരുമെന്നും സെല്‍വകണ്ണന്‍ പറഞ്ഞു.